ബി.എം.ഡബ്ല്യുവിലും ബെന്‍സിലും മാത്രം സഞ്ചരിച്ചിരുന്ന ബിഷപ്‌ എത്തിയത് ചെറിയ കാറില്‍ – UKMALAYALEE

ബി.എം.ഡബ്ല്യുവിലും ബെന്‍സിലും മാത്രം സഞ്ചരിച്ചിരുന്ന ബിഷപ്‌ എത്തിയത് ചെറിയ കാറില്‍

Friday 21 September 2018 7:45 AM UTC

കൊച്ചി Setp 21 : കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പോലീസിനു മുന്നില്‍ ഹാജരാകാന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ എത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനായി കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ ചെറിയൊരു ഫോക്‌സ്‌വാഗണ്‍ പോളോ കാര്‍ കടന്നുപോയി.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച്‌ സ്‌റ്റേഷന്‍ കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയ കാറില്‍നിന്നു ബിഷപ്‌ ഇറങ്ങിയപ്പോള്‍ മാത്രമാണു യാത്രക്കാരനെ മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്‌.

ക്യാമറക്കണ്ണുകള്‍ക്കു മുഖം കൊടുക്കാതെ ബിഷപ്‌ ഉള്ളിലേക്കു കയറിപ്പോയി.

കേരളത്തില്‍ എത്തുമ്പോള്‍ ബി.എം.ഡബ്ല്യുവിലും ബെന്‍സിലും മാത്രം സഞ്ചരിച്ചിരുന്ന ബിഷപ്‌ ഇന്നലെ ഫോക്‌സ്‌വാഗണ്‍ പോളോ (കെ.എല്‍. 39 ഇ 9977) കാര്‍ തെരഞ്ഞെടുത്തത്‌ അപ്രതീക്ഷിതമായിരുന്നു.

പോളോയ്‌ക്കു തൊട്ടുമുന്നില്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ ബൈക്കില്‍ രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വഴികാട്ടികളായി. സിറ്റി പോലീസ്‌ കമ്മിഷണറുടെ കീഴിലുള്ള റോമിയോ പട്രോള്‍ സ്‌ക്വാഡിനായിരുന്നു ഈ ചുമതല.

തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള അലൈഡ്‌ സര്‍ഫസ്‌ ലോജിസ്‌റ്റിക്‌ കമ്പനി എം.ഡിയുടെ പേരിലുള്ള കാറിന്റെ പിന്‍സീറ്റിലാണു ബിഷപ്‌ ഇരുന്നത്‌. ജലന്ധര്‍ പി.ആര്‍.ഒ. പീറ്റര്‍ കാവുംപുറം ഒപ്പമുണ്ടായിരുന്നു.

സൈഡ്‌ വിന്‍ഡോകള്‍ മറച്ചിരുന്നതിനാല്‍ ഉള്ളിലുള്ളത്‌ ആരാണെന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

നൂറോളം മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലൂടെ കാര്‍ കടന്നുപോയിട്ടും ആര്‍ക്കും അകത്താരെന്നു പിടികിട്ടിയില്ല.

സ്‌റ്റേഷന്‍ കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയ കാറിന്റെ പിന്നിലെ ഇടതുവാതില്‍ തുറന്ന്‌ തൂവെള്ള വസ്‌ത്രമണിഞ്ഞ ബിഷപ്‌ പുറത്തിറങ്ങി.

മുന്നിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു പുഞ്ചിരി സമ്മാനിച്ച്‌ ഉന്മേഷത്തോടെയാണു ചോദ്യം ചെയ്ല്‍ കേയന്ദ്രത്തിലേക്കു കടന്നത്‌.

ചോദ്യംചെയ്യലിനു ഹാജരാകാന്‍ പോലീസ്‌ നല്‍കിയ നിര്‍ദേശം അനുസരിച്ചതിലൂടെ താന്‍ നിയമത്തിനു വിധേയനാണെന്നു ബോധ്യപ്പെടുത്താനുള്ള നീക്കമാണു ബിഷപ്‌ നടത്തിയത്‌.

അന്വേഷണവുമായി കൃത്യമായി സഹകരിക്കുന്നുണ്ടെന്ന വാദം കൂടിയാകും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ അവതരിപ്പിക്കുക.

CLICK TO FOLLOW UKMALAYALEE.COM