ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം; ബലാത്സംഗം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍; കര്‍ദ്ദിനാള്‍ അടക്കം 83 സാക്ഷികള്‍ – UKMALAYALEE
foto

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം; ബലാത്സംഗം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍; കര്‍ദ്ദിനാള്‍ അടക്കം 83 സാക്ഷികള്‍

Tuesday 16 April 2019 2:01 PM UTC

കോട്ടയം April 9: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗക്കേസില്‍ പ്രതി ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം അന്വേഷണ സംഘം നാളെ സമര്‍പ്പിക്കും. ഉച്ചയ്ക്ക് പാലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (2)(a)(n), 376 (c)(a), 377, 342, 506(1) എന്നീ വകുപ്പുകളാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തുന്നത്.

കേസില്‍ ഒരു കര്‍ദ്ദിനാള്‍ അടക്കം 83 സാക്ഷികളുണ്ട്. 25 കന്യാസ്ത്രീകള്‍, 11 പുരോഹിതര്‍, മൂന്ന് ബിഷപുമാര്‍, ഏഴ് മജിസ്‌ട്രേറ്റുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഈ 83 പേരില്‍ ചിലര്‍.

ആയിരത്തിലേറെ പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിക്കാന്‍ പോകുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമാണ് ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. ബിഷപിനെ പോലീസ് ജലന്ധറില്‍ എത്തി ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്തംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

ഇതോടെ 19ന് ബിഷപിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തി.

തുടര്‍ന്ന് അന്വേഷണം ഇഴഞ്ഞുനീങ്ങുകയും മൂന്നാഴ്ചയ്ക്കു ശേഷം ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി ജലന്ധറിലേക്ക് പോകുകയും ചെയ്തു.

കന്യാസ്ത്രീകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് മൂന്നു മാസം മുന്‍പ് പ്രൊസിക്യൂഷനെ സര്‍ക്കാര്‍ നിയമിച്ചു. കുറ്റപത്രം പൂര്‍ത്തിയാക്കി ഡി.ജി.പിയുടെ അംഗീകാരത്തിനായി ഒരു മാസം കാത്തിരുന്ന ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി ലഭിച്ചത്.

CLICK TO FOLLOW UKMALAYALEE.COM