ബിഷപ് ഫ്രാങ്കോയുടെ ജലന്ധറില്‍ വീണ്ടും ബലാത്സംഗ വിവാദം
Tuesday 17 December 2019 4:59 AM UTC
അമൃത്സര്‍: ബിഷപ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസിലൂടെ വിവാദത്തിലായ ജലന്ധര്‍ രൂപതയില്‍ വീണ്ടുമൊരു പീഡന കേസ്. രൂപതയുടെ കോണ്‍വെന്റ് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി രണ്ടാം ക്ലാസുകാരിയായ എട്ടുവയസ്സുകാരിയെ ആണ് ക്ലാസ്മുറിയില്‍ പീഡിപ്പിച്ചത്.
കുട്ടി ക്ലാസിലിരുന്ന് കരയുന്നതായി അധ്യാപകര്‍ വിളിച്ചറിയിച്ചതോടെ രക്ഷിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. സ്വകാര്യ ഭാഗങ്ങളില്‍ വേദനയും അസ്വസ്ഥതയുമുണ്ടെന്ന് കുട്ടി വിവരം അറിയിച്ചതോടെയാണ് പീഡനം നടന്നതായി അമ്മ മനസ്സിലാക്കുകയും പരാതി നല്കിയതും.
കേസ് നിസാരവത്കരിക്കാന്‍ ശ്രമിച്ച സ്കൂള്‍ ഡയറക്ടറും ബിഷപ് ഫ്രാങ്കോയുടെ അനുയായിയുമായ മലയാളി വൈദികന് ഫാ. ലോറന്‍സ് ചിറ്റൂപറമ്പിനെതിരെ വിമര്‍ശനവുമായി രക്ഷിതാക്കര്‍ രംഗത്തെത്തി.
കുട്ടികളുടെ സുരക്ഷയില്‍ വൈദികന് ഒരു ഉത്തരവാദിത്തവുമില്ലെന്നും ആദ്യം അദ്ദേഹത്തിനെതിരെയാണ് നടപടി വേണ്ടതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
ബിയാസിലെ സെക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളിലാണ് വെള്ളിയാഴ്ച പീഡനം നടന്നത്. അമ്മയുടെ പരാതിയില്‍ സ്കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പീഡനം നടന്നുവെന്ന് ബോധ്യപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് പോലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചത്.
സ്കൂളിലെത്തിയ പോലീസ് തെളിവുകള്‍ ശേഖരിക്കുകയും ആരോപണ വിധേയനായ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പിലെ സെക്ഷന്‍ 8 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ കറക്ഷന് സെന്റിലേക്ക് മാറ്റി. ശനിയാഴ്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടന്നായി അമൃത്സര്‍ റൂറല്‍ എസ്.പി വിക്രം ജീത് ദഗ്ഗല്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ആരോപണ വിധേയനായ സ്കൂള്‍ കാമ്പസില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്. പീഡനം നടന്ന ക്ലാസ്മുറിയിലെ സിസിടിവി മറച്ചുവച്ചതിനാല്‍ ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ നിലപാട്.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് ഈ ദൃശ്യം ലഭിച്ചിട്ടുണ്ടാകാമെന്നും അവര്‍ അത് മറച്ചുവയ്ക്കുകയാണെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. രാവിലെ 8.50നാണ് ഇവിടെ ക്ലാസ് ആരംഭിക്കുന്നത്. എട്ടുമണിയോടെയാണ് പിതാവ് കുട്ടിയെ സ്കൂളില്‍ എത്തിച്ചത്.
നേരത്തെ എത്തിയതിനാല്‍ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കിരുന്ന പെണ്‍കുട്ടിക്കു നേര്‍ക്കാണ് അതിക്രമം നടന്നത്.
കേസ് നിസാരവത്കരിക്കാന്‍ ഡയറക്ടര്‍ ഫാ. ലോറന്‍സ് ചിറ്റുപറമ്പില്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷവും ഈ സ്കൂളില്‍ ഒരു പെണ്‍കുട്ടി മൂന്നാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കിയിരുന്നു.
ഇപ്പോള്‍ ആരോപണം നേരിടുന്ന കുട്ടിയുടെ ബന്ധുവാണ് അന്ന് ജീവനൊടുക്കിയത്. അന്ന് ആ കേസ് സ്കൂള്‍ അധികൃതര്‍ നിസാരമാക്കിയതാണ് പ്രശ്നം ഇത്രത്തോളം വഷളാക്കിയതെന്നാണ് അവരുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം നടന്ന ആത്മഹത്യയെ കുറിച്ച് ചോദിച്ചപ്പോള്‍ ഡയറക്ടര്‍ നിസാരവത്കരിക്കാന്‍ ശ്രമിച്ചുവെന്നും കുടുംബപ്രശ്നവും ഡിപ്രഷനുമാണ് ആ കുട്ടി മരിക്കാന്‍ കാരണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയുമാണ് ചെയ്യുന്നത്.
ഈ കുട്ടികള്‍ എല്ലാം എനിക്ക് ഒരുപോലെയാണ്. പോലീസിനൊപ്പം അന്വേഷണത്തോട് സഹകരിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നതായും വൈദികന് പറയുന്നതായി പഞ്ചാബില്‍ നിന്നുള്ള പ്രദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്കൂളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി മാനേജ്മെന്റ് ഒന്നും ചെയ്യുന്നില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ക്ളാസിലെത്തുന്ന കുട്ടികളുടെ ഹാജര്‍ നോക്കാന്‍ പോലും അവര്‍ക്ക് സമയമില്ല. ഉന്നത മാനേജ്മെന്റ് ആണെന്നും പറഞ്ഞ് വലിയ ഫീസ് ആണ് ഈടാക്കുന്നത്.
ബില്‍ഡിംഗ് ഫണ്ടിലേക്കെന്ന പേരില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപ വാങ്ങുന്നുണ്ടെങ്കിലും ഒരു സുരക്ഷയും നല്‍കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
ബലാത്സംഗ കേസില്‍ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം ചെയ്തപ്പോള്‍ സമരപ്പന്തലില്‍ നിരാഹാരം കിടന്നിരുന്ന പരാതിക്കാരിയുടെ ബന്ധുവിന്റെ ചിത്രമെടുത്ത കേസിലും കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ട കേസിലും പ്രതികള്‍ ഈ സ്കൂള്‍ ഡയറക്ടറുടെ സഹോദരന്മാരാണ്.
CLICK TO FOLLOW UKMALAYALEE.COM