ബിഷപ്‌ ഫ്രാങ്കോ റിമാന്‍ഡില്‍ , പാലാ സബ്‌ ജയില്‍; മൂന്നാം സെല്‍, നമ്പര്‍ 5968 – UKMALAYALEE

ബിഷപ്‌ ഫ്രാങ്കോ റിമാന്‍ഡില്‍ , പാലാ സബ്‌ ജയില്‍; മൂന്നാം സെല്‍, നമ്പര്‍ 5968

Tuesday 25 September 2018 4:14 AM UTC

പാലാ Sept 25: അറസ്‌റ്റിലായ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി ഒക്‌ടോബര്‍ ആറു വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

പാലാ സബ്‌ ജയിലിലെ മൂന്നാമത്തെ സെല്ലിലാണു ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്‌. വിചാരണത്തടവുകാരന്‍ എന്ന നിലയില്‍ നമ്പര്‍ 5968.

തെളിവെടുപ്പിനായി പോലീസ്‌ കസ്‌റ്റഡിയില്‍ നല്‍കിയ സമയം അവസാനിച്ചതോടെ ബിഷപ്പിനെ ഇന്നലെ ഉച്ചകഴിഞ്ഞ്‌ പാലാ ഫസ്‌റ്റ്‌ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലാണു ഹാജരാക്കിയത്‌.

കസ്‌റ്റഡിയിലിരിക്കെ ധരിച്ചിരുന്ന പൈജാമയും കുര്‍ത്തയും പോലീസിന്റെ കൈയിലാണെന്നും തെളിവെടുക്കലിന്റെ ഭാഗമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതു വാങ്ങി അടയാളമിടണമെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ ജെനോ ആന്റണി കോടതിയെ അറിയിച്ചു.

കോടതിനടപടികള്‍ പത്തു മിനിറ്റ്‌ കൊണ്ടു പൂര്‍ത്തിയായി. തുടര്‍ന്ന്‌ പാലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കിയ ശേഷമാണു പാലാ സബ്‌ ജയിലില്‍ എത്തിച്ചത്‌.

ബിഷപ്പിനെ പാര്‍പ്പിച്ച മൂന്നാം നമ്പര്‍ സെല്ലില്‍ മറ്റൊരു റിമാന്‍ഡ്‌ പ്രതിയും അടിപിടിക്കേസിലെ ഹ്രസ്വശിക്ഷാ തടവുകാരനുമുണ്ട്‌. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും.

ബിഷപ്പിനെതിരായ പരാതിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഫാ. ജയിംസ്‌ എര്‍ത്തയില്‍, പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷനറീസ്‌ ഓഫ്‌ ജീസസ്‌ വക്‌താവ്‌ സിസ്‌റ്റര്‍ അമല എന്നിവര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്‌.

ഒരാഴ്‌ചയ്‌്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണു ഡിവൈ.എസ്‌.പി: കെ. സുഭാഷിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

CLICK TO FOLLOW UKMALAYALEE.COM