ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പുറത്തിറങ്ങും
Wednesday 17 October 2018 4:37 AM UTC
കോട്ടയം Oct 17: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ന് ജയില്‍ മോചിതനാകും.
രാവിലെ 11 മണിയോടെ തന്നെ ഫ്രാങ്കോ പാലാ സബ് ജയിലില്‍ നിന്ന് പുറത്തുവരുമെന്നാണ് കരുതുന്നത്. ഫ്രാങ്കോയെ കൊണ്ടുപോകുന്നതിനായി ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും ജയില്‍ പരിസരത്ത് എത്തിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഫ്രാങ്കോയ്ക്ക് ജയിലില്‍ നിന്ന് പുറത്തുപോകാം.
ഹൈക്കോടതി ഉത്തരവ് കോടതി സമയം കഴിയും മുന്‍പ് ലഭിക്കാത്തതിനാല്‍ പാലാ മജിസ്ട്രേറ്റിന് ഇന്നലെ റിലീസിംഗ് ഓര്‍ഡര്‍ നല്കാന് കഴിഞ്ഞിരുന്നില്ല.
രാജ്യം വിട്ടുപോകാതിരിക്കാന്‍ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി ബന്ധപ്പെട്ടല്ലാതെ കേരളത്തില്‍ എത്താന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് ഫ്രാങ്കോയ്ക്ക് ജാമ്യത്തിനായി ഉപാധിവച്ചിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്ന ഉപാധികളോടെയായിരിക്കണം ഏതൊരു കുറ്റാരോപിതനേയുംപോലെ ഫ്രാങ്കോയും ഇനി കഴിയേണ്ടത്.
അതേസമയം, കേരളത്തിലെപോലെ തന്നെ ചില നിര്‍ണ്ണായകസാക്ഷികള്‍ ജലന്ധറിലും താമസിക്കുന്നതിനാല്‍ ഫ്രാങ്കോ അവിടേക്ക് തിരിച്ചുചെല്ലുന്നത് അവരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മൂന്നാഴ്ചത്തെ ജയില്‍ വാസത്തില്‍ ഫ്രാങ്കോയുടെ സ്വഭാവത്തില്‍ കുറച്ചെങ്കിലും മാറ്റം വന്നിരുന്നുവെങ്കില്‍ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
അല്ലാത്തപക്ഷം തങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്നാണ് അവര്‍ ഭയക്കുന്നത്. ഇന്നലെ ജാമ്യവാര്‍ത്ത പുറത്തുവന്നതോടെ ഫ്രാങ്കോയുടെ അടുപ്പക്കാരായ ചില വൈദികരില്‍ നിന്നും അത്തരം ഭീഷണികള്‍ പോലീസിന് മൊഴിനല്‍കിയ ചില വൈദികര്‍ക്കു നേരെയുണ്ടായി എന്ന് റിപ്പോര്‍ട്ടുണ്ട്.
ജയില്‍ മോചിതനാകുന്ന ഫ്രാങ്കോ എവിടേക്ക് പോകുമെന്നാണ് ജലന്ധറിലുള്ളവരുടെ ആകാംക്ഷ. ഹൈക്കോടതി വച്ച ഉപാധിപ്രകാരം കേരളത്തില്‍ കഴിയാന്‍ പറ്റില്ല. ജലന്ധറിലാണെങ്കില് ഫ്രാങ്കോയെ ഭരണച്ചുമതലയില്‍ നിന്ന് നീക്കി അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റര്ക്ക് ഭരണം കൈമാറി.
ഈ സാഹചര്യത്തില്‍ സ്വാഭാവികമായും ഫ്രാങ്കോയ്ക്ക് ഇനി ബിഷപ്പ് ഹൗസില്‍ താമസിച്ചാല്‍ തന്നെ അധികാരമില്ലാത്ത ബിഷപ്പ് ആയി കഴിയേണ്ടിവരും.
ഫ്രാങ്കോയുടെ സ്വഭാവമനുസരിച്ച് അധികാരമില്ലാതെ കഴിയാനും പറ്റില്ല. ഡല്‍ഹി സഹായമെത്രാനായിരിക്കുമ്പോള് മുതല്‍ ജലന്ധര്‍ രൂപത ഭരണത്തില്‍ കൈകടത്തിയിരുന്ന ഫ്രാങ്കോ വെറും കാഴ്ചക്കാരനായിരിക്കില്ല എന്നാണ് വൈദികര്‍ കരുതുന്നത്.
സ്വഭാവികമായും ഇത് ഫ്രാങ്കോയെ എതിര്‍ക്കുന്ന വൈദികര്‍ ചോദ്യംചെയ്യുകയും അവരെ നേരിടാന്‍ ഫ്രാങ്കോയുടെ അനുകൂലികള്‍ രംഗത്തെത്തുകയും ചെയ്യും. അത് വീണ്ടും ജലന്ധറിനെ വിവാദഭൂമിയാക്കും എന്നതില്‍ സംശയമില്ല.
കേസിലെ നിരവധി സാക്ഷികള്‍ ജലന്ധറില്‍ തന്നെയുള്ള സാഹചര്യത്തില്‍ ഇവര്ക്കുനേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഫലത്തില്‍ ഫ്രാങ്കോയ്ക്ക് തന്നെയായിരിക്കും ദോഷമായിവരിക.
അതുകൊണ്ട്തന്നെ ഫ്രാങ്കോ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ വന്ന് തങ്ങില്ലെന്നും രൂപതയിലുള്ള സഭയുടെ ഏതെങ്കിലും സ്ഥാപനത്തിലോ ബംഗലൂരുവിലുള്ള സ്ഥാപനങ്ങളിലോ ആയിരിക്കും എന്നും ഒരു വിഭാഗം വൈദികര്‍ കരുതുന്നു.
അതിനിടെ, ഫ്രാങ്കോയുടെ ജാമ്യവാര്ത്തയെ ഒരു വിഭാഗം അത്മായര്‍ വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. ബിഷപ്പ് ഹൗസ് പരിസരത്ത് ലഡു വിതരണവും പടക്കംപൊട്ടിക്കലും ചെണ്ടമേളവും നടന്നു.
ആഘോഷം അതിരുകടന്നതോടെ ബിഷപ്പ് ഹൗസില്‍ നിന്ന് ചില മുതിര്‍ന്ന വൈദികര്‍ എത്തി ഇവരോട് പുറത്തുപോകാന്‍ നിര്‍ദേശിച്ചു.
പല തവണ ഇവര്‍ ബിഷപ്പ് ഹൗസിലേക്ക് എത്തിയതോടെ ഒടുവില്‍ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നെലോ ഗ്രേഷ്യസ് തന്നെ അസംതൃപ്തി അറിയിച്ചതോടെയാണ് ആഘോഷകമ്മിറ്റിക്കാര്‍ പിരിഞ്ഞുപോയത്.
CLICK TO FOLLOW UKMALAYALEE.COM