ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പരാതികള്‍ മാര്‍പാപ്പ കണ്ടിട്ടുപോലുമില്ല
Tuesday 11 September 2018 2:39 AM UTC

കോട്ടയം Sept 11: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ നടപടി പോയിട്ട് ഒരു പ്രതികരണത്തിനുപോലും തയ്യാറാകാത്ത കത്തോലിക്കാ സഭാനേതൃത്വത്തിന്റെ് നിഷേധാത്മക നിലപാട് സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്നത് വലിയ ചോദ്യചിഹ്നം.
ഫ്രാങ്കോയെ സഭ ഭയപ്പെടുന്നത് എന്തിന്? എന്തുകൊണ്ടാണ് സി.ബി.സി.ഐയും സി.സി.ബി.ഐയും ഫ്രാങ്കോയ്ക്കെതിരെ നടപടി ആവശ്യപ്പെടാത്തത്.
വത്തിക്കാന്‍ നൂണ്‍ഷ്യോയുടെ മൗനത്തിനു പിന്നിലെന്ത്? സഭയിലെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും ചോദ്യത്തിന് മറുപടി നല്കാന് ആരുമില്ല.
ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം വളരെ സിംപിള്‍. ഫ്രാങ്കോയുടെ ബിസിനസ്, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം. മറ്റു ബിഷപ്പുമാരെ വരുതിയില്‍ നിര്‍ത്താനുള്ള പല ‘തുമ്പുകളും’ ഫ്രാങ്കോയുടെ കയ്യില്‍ ഭദ്രമാണ്.
കത്തോലിക്കാ ബിഷപ്പുമാര്‍ ഒറ്റക്കെട്ടായി ഫ്രാങ്കോയ്ക്കു പിന്നില്‍ അണിചേരാനുള്ള പ്രധാന കാരണം ഫ്രാങ്കോ വായ് തുറന്നാല്‍ പലരുടേയും തനിനിറം കണ്ട് ജനം ഞെട്ടും എന്നതുതന്നെ.
ഫ്രാങ്കോയെ പോലീസ് വേണ്ടപോലെ ചോദ്യം ചെയ്താല്‍ സഭയിലെ പലരുടേയും കഥകള്‍ പുറത്തുവരും. കാരണം ഇവരെല്ലാം കൂട്ടുബിസിനസിന്റെ ഭാഗം.
രണ്ടാമത്തെ കാരണം, ഒരു കന്യാസ്ത്രീയുടെ പരാതിയില്‍ ഒരു ബിഷപ്പ് അകത്തുപോയാല്‍ അത് പല മഠങ്ങളിലും നാലു ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുന്ന ഒരുപാട് നെടുവീര്‍പ്പുകള്‍ പുറത്തേക്ക് വരാന്‍ പ്രചോദനമാകും.
അതൊന്നും താങ്ങാനുള്ള ശേഷി ഇവിടുത്തെ ബിഷപ്പുമാര്‍ക്ക് ഉണ്ടായെന്നുവരില്ല. പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴും. ഈ കേസ് ഇവിടെ കുഴിച്ചുമൂടപ്പെട്ടാല് ഇനി ‘ഒരുത്തിയും’ ഇത്ര ധൈര്യംകാട്ടില്ല എന്ന വിശ്വാസവും അവര്‍ക്കുണ്ട്.
അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീ മാത്രമല്ല, സഭാതലങ്ങളില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതികള്‍ അയച്ചിട്ടുള്ളത്. നിരവധി വൈദികരും നൂണ്‍ഷ്യോ അടക്കമുള്ളവര്‍ക്ക് പരാതികള്‍ നല്കി. എന്നാല്‍ ഒന്നും പിന്നീട് വെളിച്ചം കണ്ടിട്ടില്ല.
നൂണ്‍ഷോ പരാതികള്‍ കാണുക മാത്രമല്ല, വത്തിക്കാനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നൂണ്‍ഷ്യോയ്ക്കും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും ഇടയില്‍ ഉള്ള ഒരു ശക്തി ഈ പരാതികള്‍ മുക്കിയെന്നാണ് റോമുമായി ബന്ധമുള്ള വൈദികര്‍ പറയുന്നത്.
മാത്രമല്ല, ഫ്രാങ്കോയ്ക്കെതിരെ ഇനി ഒരു പരാതിയും അയച്ചുപോകരുതെന്ന ഉഗ്രശാസനയും നൂണ്‍ഷ്യോയ്ക്ക് ഈ ഇടനിലക്കാരനില്‍ നിന്നും വന്നിട്ടുണ്ടാകുമെന്നാണ് വൈദികര്‍ പറയുന്നത്. അല്ലെങ്കില്‍ വളരെ കര്‍ക്കശക്കാരനായ നൂണ്‍ഷ്യോയ്ക്ക് എങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ ചോദ്യം.
ആരാണ് ആ ഇടനിലക്കാരന്?
മറ്റാരുമല്ല, ബിഷപ്പ് ഫ്രാങ്കോയുടെ വത്തിക്കാനിലെ തലതൊട്ടപ്പനായ കര്‍ദ്ദിനാള്‍ ഫിലോണി. റോമന്‍ കത്തോലിക്കാ സഭയുടെ ഫ്രീഫെക്ട് എന്ന പദവിയില്‍ ഇരിക്കുന്ന കര്‍ദ്ദിനാള്‍.
ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ കാര്യക്കാരനായ (പ്രൊപ്പഗാന്തെ ഫിദെ) കര്‍ദ്ദിനാള്‍ ഫെര്‍നാണ്ടോ ഫിലോനി അറിയാതെ ഒരു കത്തും മാര്‍പാപ്പയുടെ കൈകളില്‍ എത്തില്ല. പോപ്പിന് വരുന്ന ഇമെയില്‍ നോക്കുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറിമാരാണ്.
അവരേയും കര്‍ദ്ദിനാള്‍ ഫിലോണി അധീനതയിലാക്കി എന്നാണ് സംസാരം. പോപ്പിന് അത്രയ്ക്കും വിശ്വാസമുള്ള ഇദ്ദേഹത്തെ ജൂണില്‍ കര്‍ദ്ദിനാള്‍ ബിഷപ്പ് എക്സിക്യുട്ടീവ് പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
ബിഷപ്പ് ഫ്രാങ്കോയെ കര്‍ദ്ദിനാള്‍ ഫെര്‍നാണ്ടോ ഫിലോണി മകനെ പോലെ ആണ് കരുതിയിരിക്കുന്നത്. കര്‍ദ്ദിനാളിനെ അടുത്ത മാര്‍പാപ്പ ആക്കാമെന്ന് വരെ ഫ്രാങ്കോ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ആരെയും പറഞ്ഞുവിശ്വസിപ്പിക്കാനുള്ള വാക്സാമര്ത്ഥ്യം ഫ്രാേങ്കായ്ക്കുണ്ട്.
തനിക്കെതിരെ ചില കള്ളക്കേസുകള്‍ ഉണ്ടെന്നാണ് ഇയാള്‍ കര്‍ദ്ദിനാളിനെ ധരിപ്പിച്ചിരിക്കുന്നത്. കര്‍ദ്ദിനാളിന്റെ നിര്‍ദേശം ഉള്ളകൊണ്ടാണ് നൂണ്‍ഷ്യോ നടപടിയെടുക്കാത്തത്. അല്ലെങ്കില്‍ വളരെ കര്‍ക്കശക്കാരനാണ് നൂണ്‍ഷ്യോ.
ഫ്രാങ്കോയ്ക്കെതിരൊയ എന്തു പരാതി വന്നാലും നടപടി വേണ്ടെന്ന് നിര്‍ദേശം നല്‍കിയിരുന്നു. താന്‍ സഭയ്ക്ക് വേണ്ടി ഒരുപാട് സേവനം ചെയ്യുന്നു. നിരവധി വിശ്വാസികളെ കൂട്ടുന്നു. എന്നാല്‍ മൂന്നാല് അച്ചന്മാര് മാത്രമാണ് തനിക്കെതിരെ കഥ മെനയുന്നത്. ആ കഥയാണ് ഫ്രാങ്കോ വത്തിക്കാനിലും പറഞ്ഞിരിക്കുന്നത്.
മുന്‍പ് ബോംബെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ഇവാന് ഡയസിനെയും ഫ്രാങ്കോ ഇതുപോലെ മാര്‍പാപ്പ ആക്കാമെന്ന് മോഹനവാഗ്ദാനം നല്കി സ്വന്തം കാര്യം സാധിച്ചെടുത്തിരുന്നുവെന്ന് വര്‍ഷങ്ങളായി റോമില്‍ സേവനം ചെയ്യുന്ന വൈദികര്‍ ചൂണ്ടിക്കാട്ടി.
കത്തോലിക്കാ സഭയുടെ കോമണ്‍സെന്‍സിന് ബിഷപ്പ് ഫ്രാങ്കോ അനസ്തേഷ്യ കൊടുത്ത് മയക്കികിടത്തിയോ? എന്നാണ് വൈദികര്‍ ഉന്നയിക്കുന്ന സംശയം. കന്യാസ്ത്രീ നല്കിയ ബലാത്സംഗ പരാതി നിഷേധിച്ച സഭാധികാരികള്‍ക്കെതിരെ കുറച്ചുകാലമായി വിശ്വാസികളും ഉന്നയിക്കുന്ന സംശയവുമാണിത്.
സഭയ്ക്കൊരു കോമണ്‍സെന്‍സും സിസ്റ്റവും ഉണ്ടല്ലോ. അതിനാണ് അനസ്തേഷ്യ കൊടുത്തിരിക്കുന്നത്. എന്നിട്ട് എല്ലാവരുടേയും കണ്ണില്‍ സഭയെ വലിച്ചുകീറിക്കൊണ്ടിരിക്കുന്നു. സഭ ഇനി എഴുന്നേറ്റ് വരുമ്പോഴേക്കും ഓപറേഷന് കഴിഞ്ഞ പരുവത്തിലായിരിക്കും.
കയ്യും കാലും തലയുമെല്ലാം വലിച്ചുകീറി തുന്നിക്കെട്ടി വച്ചിരിക്കുന്ന വിധത്തില്‍- ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പ്രതികരിക്കുന്നു.
ഞാനില്ലാതെ സഭയില്ല. ഞാന്‍ പോയാല്‍ നശിപ്പിച്ചിട്ടേ പോകൂ. ഞാന്‍ ഇറങ്ങിയാല്‍ സഭയെ പരിപൂര്‍ണമായും നശിപ്പിച്ചിട്ടേ പോകൂ. അതാണ് ഫ്രാങ്കോയുടെ മനോഭാവം.
ഫ്രാങ്കോയെ സഹായിക്കാനെന്ന വിധത്തില്‍ സഭയെ പരമാവധി അപമാനിച്ച് ശക്തി ക്ഷയിപ്പിക്കാനാണ് കേരളത്തിലും കേന്ദ്രത്തിലുമിരിക്കുന്ന സര്‍ക്കാരുകളുടെ ലക്ഷ്യം. വോട്ട് ബാങ്ക് എന്ന പരിഗണനയല്ല ഇതിനു പിന്നില്‍. മറ്റുപല ലക്ഷ്യങ്ങളും കാണും- വൈദികര്‍ പറയുന്നു
ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ പോലീസ് ബിഷപ്പ് ഹൗസില്‍ എത്തിയപ്പോള്‍ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. മാധ്യമങ്ങളെ ഇത്ര പരസ്യമായി ആക്രമിക്കാമെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോ? ഫ്രാങ്കോയ്ക്കെതിരെ ശബ്ദിച്ച മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് അടിച്ചു.
അതായത്, ഇയാള്‍ക്കെതിരെ ശബ്ദിക്കുന്ന ഒരാളെ പരസ്യമായി അടിക്കാമെങ്കില്‍ ഇയാളുടെ അധികാരത്തിനു കീഴില്‍ താമസിക്കുന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും അവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനാലാണ് പലരും പീഡനങ്ങള്‍ പുറത്തുപറയാതിരിക്കുന്നത്. മാധ്യമങ്ങളെ അടിച്ചത് മറ്റുള്ളവര്‍ക്കും ഒരു താക്കീത് ആണ്. തനിക്കെതിരെ ശബ്ദിച്ചാല്‍ അടിച്ചൊതുക്കും എന്ന മുന്നറിയിപ്പ്- വൈദികര്‍ വ്യക്തമാക്കി.
മെത്രാന്മാര്‍ക്കെല്ലാം ഫ്രാങ്കോ അനസ്തേഷ്യ കൊടുത്തിരിക്കുകയാണ്. അവര്‍ക്കെല്ലാം പേടിയാണ്. ഈ പേടിയാണ് ആ കന്യാസ്ത്രീയേയും ബാധിച്ചത്. പേടിയേക്കാളുപരി വേദന ആയപ്പോഴാണ് ആ പരാതി പുറത്തേക്ക് വന്നത്.
14 പ്രാവിശ്യമൊക്കെ ആയിട്ട് കന്യാസ്ത്രീ എന്തുകൊണ്ട് മിണ്ടാതിരുന്നു എന്നതിന് ഉത്തരം ജലന്ധറില്‍ മാധ്യമങ്ങള്‍ നേരിട്ട് കണ്ടല്ലോ? ഫ്രേങ്കായ്ക്കെതിരെ സംസാരിക്കുന്ന ഒരാളെയും ജീവിക്കാന്‍ അനുവദിക്കില്ല. അതാണ് ആ കന്യാസ്ത്രീയും പേടിച്ചിരുന്നത്.
പേടിയേക്കാള്‍ കൂടുതല്‍ വേദന ആയപ്പോഴാണ് മരിച്ചാലും കുഴപ്പമില്ല എന്ന് കരുതി അവര്‍ മുന്നോട്ടുവന്നത്. ജലന്ധറില്‍ മറ്റാരും ഒന്നും പറയുന്നില്ല എന്നു കരുതി മറ്റാര്‍ക്കും മോശം അനുഭവം ഇല്ല എന്നു കരുതരുത്.
ഭയമാണ് അവരെ ഭരിക്കുന്നത്. എന്നെങ്കിലും പേടിയേക്കാള്‍ വേദന വരുമ്പോഴാണ് പരാതി വരിക- വൈദികര്‍ ചൂണ്ടിക്കാട്ടി.
CLICK TO FOLLOW UKMALAYALEE.COM