ബിന്ദുവും കനകദുര്‍ഗ്ഗയും എത്തിയത് സര്‍ക്കാരിന്റെ അറിവോടെ, പോലീസ് പുര്‍ണ സുരക്ഷ ഒരുക്കി – UKMALAYALEE

ബിന്ദുവും കനകദുര്‍ഗ്ഗയും എത്തിയത് സര്‍ക്കാരിന്റെ അറിവോടെ, പോലീസ് പുര്‍ണ സുരക്ഷ ഒരുക്കി

Friday 25 January 2019 1:22 AM UTC

കൊച്ചി Jan 25: ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിനുടനീളം പൂര്‍ണ സുരക്ഷയൊരുക്കിയെന്ന് വ്യക്തമാക്കിക്കൊണ്ട് പത്തനംതിട്ട എസ്പിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും വിഐപികള്‍ക്കും പ്രവേശിക്കാനുള്ള വഴിയിലൂടെ യുവതികള്‍ എങ്ങനെ പ്രവേശിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ച നിരീക്ഷണ സമിതി ചോദ്യമുയര്‍ത്തിയിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. യുവതികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധം കണക്കിലെടുത്താണ് വിഐപി വാതിലിലൂടെ യുവതികളെ കടത്തിവിട്ടത്. ഇതോടെ യുവതികള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സാധിച്ചു.

ഇരുവര്‍ക്കും പമ്പ മുതല്‍ സുരക്ഷ നല്‍കിയെന്നും, കൂടെ ഉണ്ടായിരുന്നത് അജ്ഞാതരല്ല, മഫ്തിയിലുള്ള പോലീസുകാരാണെന്നും പോലീസ് സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. തുടര്‍ന്ന് വീഡിയോ ഉള്‍പ്പെടെ പുറത്തുവരികയും, മുഖ്യമന്ത്രി ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM