ബിജെപി ഭരണം തുടരണമെന്ന് ടൈംസിന്റെ സര്‍വേഫലം
Friday 22 February 2019 2:52 AM UTC
ന്യൂഡല്‍ഹി Feb 23: ലോക്സഭാ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കേ പ്രധാനമന്ത്രിയായി നരേന്ദ്രമോഡിക്ക് തന്നെ മുന്‍തൂക്കം നല്‍കിക്കൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേഫലം കൂടി പുറത്തുവരുന്നു.
ടൈംസ് ഗ്രൂപ്പിന്റെ രണ്ടു ലക്ഷത്തോളം പേര് പങ്കെടുത്ത അഭിപ്രായ സര്‍വേയില്‍ മോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് 83 ശതമാനം പേരാണ് സാധ്യത കല്‍പ്പിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കൂടുതല്‍ പേര് ചൂണ്ടിക്കാട്ടിയതും മോഡിയെ തന്നെയായിരുന്നു.
പങ്കെടുത്ത മൂന്നില്‍രണ്ടു പേരാണ് എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിച്ചത്. മോഡിയുടെ വ്യക്തിപ്രഭാവവും മുകളിലേക്കാണെന്ന സൂചന സര്‍വേ നല്കുന്നു. 84 ശതമാനത്തോളം പേര് മോഡി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യന്‍ എന്ന് പ്രതികരിച്ചു.
ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയായിരിക്കും എന്നാണ് പ്രതികരിച്ചത്. നരേന്ദ്രമോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് 83 ശതമാനം പിന്തുണ കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരിന് 9.25 ശതമാനം സാധ്യത മാത്രമാണ് കിട്ടിയത്.
അതേസമയം മോഡിയെ ഒഴിവാക്കിയുള്ള എന്‍ഡിഎ സര്‍ക്കാരിന് കിട്ടിയത് 4.25 ശതമാനം പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. മഹാഗഥ് ബന്ധനെ 3.47 ശതമാനം പേര് മാത്രമായിരുന്നു അനുകൂലിച്ചത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് 84 ശതമാനം പേര് മോഡിയെ അനുകൂലിച്ചപ്പോള്‍ രാഹുല്‍ഗാന്ധിയെ ആ സ്ഥാനത്തേക്ക് കണ്ടത് 8.33 ശതമാനം പേര് മാത്രമാണ്. മറ്റൊരു നേതാവിനുള്ള സാധ്യത 5.92 ശതമാനവും ആയിരുന്നു.
അതേസമയം മൂന്നാം മുന്നണി പ്രതീക്ഷയില്‍ മമതാബാനര്‍ജിക്കും മായാവതിക്കും സാധ്യത വളരെ താഴെയെ സര്‍വേ കല്‍പ്പിക്കുന്നുള്ളൂ. മമതാ ബാനര്‍ജിയെ 1.44 ശതമാനവും മായാവതിയെ 0.43 ശതമാനം പേരും മാത്രമാണ് അനുകൂലിച്ചത്.
ടൈംസിന്റെ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒമ്പതു ഭാഷകളിലായിട്ടായിരുന്നു സര്‍വേ സംഘടിപ്പിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുല്‍ഗാന്ധിയുടെ പ്രചാരം കൂടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 63 ശതമാനവും പ്രതികരിച്ചത് ഇല്ല എന്നായിരുന്നു. 31 ശതമാനം കൂടിയെന്ന് പറഞ്ഞപ്പോള്‍ അഞ്ചു ശതമാനത്തിന് യാതൊരു മറുപടിയും ഇല്ലായിരുന്നു.
മോഡിയുടെ അഞ്ചുവര്‍ഷ ഭരണം വിലയിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്നില്‍ രണ്ടു പേരുടേയും അഭിപ്രായം നല്ല ഭരണം എന്നായിരുന്നു. വളരെ നല്ലത് എന്ന് 59.51 ശതമാനം പ്രതികരിച്ചപ്പോള്‍ 22.29 ശതമാനമാണ് നല്ലത് എന്നും 8.25 ശതമാനം ശരാശരി എന്നും 9.9 ശതമാനം മോശം എന്നും പ്രതികരിച്ചു.
മോഡിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ജനം വിലയിരുത്തിയത് പാവങ്ങള്‍ക്ക് നല്കിയ സൗകര്യങ്ങളാണ്. 34.39 ശതമാനമാണ് ഈ രീതിയില്‍ പ്രതികരിച്ചത്. ജിഎസ്ടി യെ 29 ശതമാനവും സ്വച്ഛ് ഭാരതിനെ 18 ശതമാനവും സര്‍ജിക്കല്‍ അറ്റാക്കിനെ 17 ശതമാനവും പിന്തുണച്ചു.
സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായി കൂടുതല്‍ പേര് ചൂണ്ടിക്കാട്ടിയത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലെ കാലതാമസമാണ്. 35 ശതമാനം പേര് അനുകൂലിച്ച ഇത് തൊഴിലില്ലായ്മയ്ക്ക് മുകളിലായിരുന്നു.
29.52 ശതമാനമാണ് തൊഴിലില്ലായ്മ പ്രശ്നമാണെന്ന് പറഞ്ഞത്. 13 ശതമാനം നോട്ട് നിരോധനത്തെയും 12 ശതമാനം അസഹിഷ്ണുതയെയും മറ്റുകാര്യങ്ങളെ എട്ടു ശതമാനവും വിലയിരുത്തി.
പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച തൊഴില്‍ വിഷയം ആണെന്ന് 40 ശതമാനം പ്രതികരിച്ചപ്പോള്‍ കര്‍ഷകരുടെ പ്രശ്നം ആയിരിക്കുമെന്ന് 21 ശതമാനം പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം 10.16 ശതമാനത്തിന്റെയും ജിഎസ്ടി 4.52 ശതമാനത്തിന്റെയും ശ്രദ്ധയിലുണ്ട്. മറ്റു കാര്യങ്ങളെ അനുകൂലിച്ചത് 23 ശതമാനമാണ്.
അതേസമയം സര്‍വേയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്ന് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന വാദമാണ്. മോഡി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് 65.51 ശതമാനവും പ്രതികരിച്ചു. ഉണ്ടെന്ന് 24 ശതമാനം പറഞ്ഞപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു 10 ശതമാനത്തിന്റെ നിലപാട്.
സാമ്പത്തിക സംവരണം ബിജെപിയ്ക്ക് തെരഞ്ഞെടുപ്പില്‍ ഗുണമാകുമെന്ന് 72 ശതമാനം പ്രതികരിച്ചു. റഫാല്‍ വിവാദം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ഭൂരിപക്ഷവും പറയുന്നു. 74 ശതമാനം ഈ അഭിപ്രായക്കാരാണ്.
CLICK TO FOLLOW UKMALAYALEE.COM