ബഷീറിന്റെ ഫോണ്‍ ആരുടെ കൈയില്‍ സംഭവത്തില്‍ ദുരൂഹതയെന്ന്‌ പരാതി – UKMALAYALEE

ബഷീറിന്റെ ഫോണ്‍ ആരുടെ കൈയില്‍ സംഭവത്തില്‍ ദുരൂഹതയെന്ന്‌ പരാതി

Monday 19 August 2019 2:20 AM UTC

തിരുവനന്തപുരം Aug 19: ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്‌. ഓടിച്ച വാഹനമിടിച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാവാത്തതില്‍ ദുരൂഹത.

ആരുടെ കൈയിലാണ്‌ ഫോണെന്നു വ്യക്‌തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഷീര്‍ ജോലി ചെയ്‌തിരുന്ന സിറാജ്‌ പത്രത്തിന്റെ മാനേജ്‌മെന്റ്‌ രംഗത്ത്‌.

അപകടസമയം കെ.എം. ബഷീറിന്‌ രണ്ടു ഫോണ്‍ ഉണ്ടായിരുന്നു. ഒരു സാധാരണ ഫോണും, ഒരു സ്‌മാര്‍ട്ട്‌ ഫോണും. സാധാരണഫോണ്‍ തകര്‍ന്നനിലയില്‍ അപകടസ്‌ഥലത്തുനിന്ന്‌ കിട്ടി.

സ്‌മാര്‍ട്‌ഫോണ്‍ കാണാനില്ലായിരുന്നു. ആ ഫോണ്‍ ഒരു മണിക്കൂറിനുള്ളില്‍ ആരോ ഉപയോഗിച്ചിട്ടുണ്ട്‌. അതാരാണെന്ന്‌ കണ്ടെത്തണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരുടെ മൊഴി വൈകിയതുകൊണ്ടാണ്‌ ശ്രീറാമിന്റെ രക്‌തപരിശോധന വൈകിയതെന്ന വിചിത്രവാദവുമായി പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനു പിന്നാലെയാണ്‌ ഫോണിന്റെ്‌ കാര്യത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യമുയര്‍ന്നത്‌.

മൊഴി നല്‍കാന്‍ വൈകിയിട്ടില്ലെന്ന്‌ സിറാജ്‌ പത്രത്തിന്റെ മാനേജര്‍ സെയ്‌ഫുദ്ദീന്‍ ഹാജി പറയുന്നു. പുലര്‍ച്ചെ ഒരുമണിക്കാണ്‌ ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്‌.

പുലര്‍ച്ചെ നാലുമണിക്കു തന്നെ മൊഴികൊടുത്തുവെന്ന്‌ സെയ്‌ഫുദ്ദീന്‍ ഹാജി പറയുന്നു. പോലീസ്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ രക്‌തമെടുക്കാന്‍ തയാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സിറാജ്‌ പത്രത്തിന്റെ മാനേജര്‍ സെയ്‌ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നു പറഞ്ഞാണ്‌ പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

കേസിന്റെ പ്രാഥമികഅന്വേഷണത്തില്‍ മ്യൂസിയം പോലീസിന്‌ വളരെ ഗുരുതരമായ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ എസ്‌.ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

രക്‌തപരിശോധന നടത്തുന്നതിലും എഫ.്‌ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക്‌ വിട്ടയച്ചതില്‍ വീഴ്‌ചയുണ്ടായെന്നുമായിരുന്നു വിമര്‍ശനം.

ശ്രീറാമിന്റെ ജാമ്യം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം നിരാകരിച്ച കോടതിയും അന്വേഷണവീഴ്‌ച ചൂണ്ടിക്കാട്ടിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM