ബലാത്സംഗം-പോക്‌സോ കേസുകളുടെ അന്വേഷണം രണ്ട്മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ – UKMALAYALEE

ബലാത്സംഗം-പോക്‌സോ കേസുകളുടെ അന്വേഷണം രണ്ട്മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Monday 9 December 2019 4:52 AM UTC

പാട്‌ന Dec 9: ബലാത്സംഗം- പോക്‌സോ കേസുകളില്‍ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.

കേസന്വേഷണം രണ്ട് മാസത്തിനകവും വിചാരണ ആറുമാസത്തിനകവും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.

ഇക്കാര്യങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കത്തെഴുതാന്‍ പോവുകയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിര്‍ഭാഗ്യകരവും അത്യന്തം അപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങളില്‍ രാജ്യ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിയമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ചട്ടത്തിലും എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതിവരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

ബലാത്സംഗം അടക്കമുള്ള കേസുകളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷായുടെ പരാമര്‍ശം.

CLICK TO FOLLOW UKMALAYALEE.COM