ബജറ്റ് പൊളിഞ്ഞു, നക്ഷത്രമെണ്ണി സര്‍ക്കാര്‍ – UKMALAYALEE

ബജറ്റ് പൊളിഞ്ഞു, നക്ഷത്രമെണ്ണി സര്‍ക്കാര്‍

Monday 3 August 2020 12:32 AM UTC

തിരുവനന്തപുരം Aug 3 : ജൂണില്‍ പ്രതീക്ഷ നല്‍കിയ ജി.എസ്‌.ടി വരുമാനം ജൂലൈയില്‍ ചതിച്ചു, ജി.എസ്‌.ടി. കുടിശിക ഇനത്തില്‍ നല്‍കാനുള്ള 6000 കോടി രൂപയ്‌ക്കുനേരെ കേന്ദ്രം കണ്ണടച്ചു, വരുമാനമാര്‍ഗങ്ങളെല്ലാം അടഞ്ഞു, ചെലവ്‌ ഇരട്ടിയായി, ഓണത്തിനായുള്ള ചെലവുകള്‍ ഉടനടി കണ്ടെത്തുകയും വേണം; സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി നേരിടുന്നത്‌ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. ബജറ്റ്‌ തന്നെ തകിടം മറിഞ്ഞ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന്‌ ധനവകുപ്പ്‌.

കോവിഡിനേത്തുടര്‍ന്ന്‌ പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചിട്ടും കാര്യമായ വരുമാനം കിട്ടിത്തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ബജറ്റില്‍ വരുമാനവര്‍ധനയ്‌ക്ക്‌ ചില നടപടികള്‍ നിര്‍ദേശിച്ചിരുന്നു.

അതിന്‌ വേണ്ടി ധനബില്ലിന്റെ കാലാവധി നീട്ടിക്കൊണ്ട്‌ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരികയും ചെയ്‌തു. അതും വലിയ ഗുണം ചെയ്‌തില്ലന്നാണ്‌ ധനവകുപ്പ്‌ നല്‍കുന്ന സൂചന.

1200 കോടിയിലേറെ രൂപയുടെ അധികവരുമാനം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും നാലിലൊന്നുപോലും ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്‌ ധനവകുപ്പിന്റെ വിലയിരുത്തല്‍.

ബജറ്റില്‍ പ്രതീക്ഷിച്ച വരുമാനം പകുതിയിലധികം കുറയുകയും ചെലവ്‌ ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്‌ത അസാധാരണ സ്‌ഥിതിവിശേഷം എങ്ങനെ തരണം ചെയ്യുമെന്നതില്‍ ധനവകുപ്പിനും വ്യക്‌തതയില്ല.

പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചശേഷം ഏപ്രില്‍-മേയ്‌ മാസങ്ങളില്‍ ജി.എസ്‌.ടിയില്‍നിന്ന്‌ ആകെ ലഭിച്ച വരുമാനം 893 കോടി രൂപയാണ്‌.

അടച്ചിടലിന്‌ വലിയ ഇളവുകള്‍ നല്‍കിയപ്പോള്‍ ജൂണില്‍ ജി.എസ്‌.ടി വരുമാനത്തില്‍ നല്ല ഉണര്‍വാണുണ്ടായത്‌. എന്നാല്‍ വീണ്ടും കോവിഡ്‌ വ്യാപനം രൂക്ഷമാകുകയും ജൂലൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടിവരികയും ചെയ്‌തതോടെ വരുമാനത്തില്‍ വീണ്ടും തിരിച്ചടിയുണ്ടായി.

ജി.എസ്‌.ടി. വരുമാനത്തിന്റെ 40 ശതമാനവും ലഭിക്കുന്ന സംസ്‌ഥാനത്തെ ചെറുകിട മേഖല തളര്‍ന്നതാണു വലിയ തിരിച്ചടിയായത്‌. ഇളവുകള്‍ നല്‍കിയിട്ടും ചെറുകിട മേഖല പഴയതുപോലെ ആയിട്ടില്ല.

പുറത്തുനിന്നുള്ള ചരക്കുകളുടെ വരവിലുണ്ടായ പ്രതിസന്ധിയും അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക്‌ മടങ്ങിയതും ഈ മേഖലയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്‌. റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലും മദ്യവില്‍പനയിലും ഉണ്ടായ തിരിച്ചടിയും പെട്രോള്‍ ഉപയോഗത്തില്‍ വന്ന കുറവും വന്‍തിരിച്ചടിയായി.

എന്നാല്‍ വാറ്റ്‌കുടിശികയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ മാപ്പാക്കല്‍ പദ്ധതിയില്‍ ചെറുകിടക്കാരില്‍നിന്നും നല്ല പ്രതികരണമാണെന്ന്‌ ലഭിക്കുന്നത്‌. എന്നാല്‍ കോടികളുടെ കുടിശിക വരുത്തിയവര്‍ കൂടുതല്‍ ഇളവു പ്രതീക്ഷിച്ചു മാറിനില്‍ക്കുകയാവാമെന്ന്‌ നികുതി വകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നു.

ഓണവും മറ്റും അടുത്തുവരുന്ന സമയത്ത്‌ ഈ പ്രതിസന്ധി മറികടക്കാനുള്ള സജീവചര്‍ച്ചയിലാണ്‌ ധനവകുപ്പും സര്‍ക്കാരും. കഴിയുന്നത്ര പണം സാധാരണക്കാരില്‍ എത്തിച്ച്‌ വിപണിയില്‍ പണമെത്തിക്കാനുള്ള പരിപാടികളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌.

എന്നാല്‍ പെന്‍ഷന്‍ പ്രായ വര്‍ദ്ധനയും പെട്രോളിന്റെ നികുതികൂട്ടലും ഒരിക്കലും പരിഗണിക്കില്ലെന്ന്‌ മന്ത്രി ഡോ: തോമസ്‌ ഐസക്ക്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

അതേസമയം ചെലവ്‌ചുരുക്കലിനും പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ വരും. പദ്ധതികളില്‍ ചില പൊളിച്ചെഴുത്തും നടത്തിക്കൊണ്ടുള്ള ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങും.

CLICK TO FOLLOW UKMALAYALEE.COM