ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ആറ് സീറ്റുകളില്‍ ധാരണ – UKMALAYALEE

ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ആറ് സീറ്റുകളില്‍ ധാരണ

Tuesday 5 March 2019 4:23 AM UTC

ന്യൂഡല്‍ഹി March 4: ബദ്ധവൈരികളായ സി.പി.എമ്മും കോണ്‍ഗ്രസും പൊതുതെരഞ്ഞെടുപ്പില്‍ യോജിക്കുന്നു. പശ്ചിമ ബംഗാളില്‍ ആറ് സീറ്റുകളില്‍ ധാരണയോടെ നീങ്ങാനാണ് തീരുമാനം.

ഇതുപ്രകാരം സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല. കേരളത്തില്‍ രണ്ടു കക്ഷികളും പരസ്പരം പോരടിക്കുമ്പോഴാണ് ബംഗാളില്‍ കൈകോര്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ നാലും സി.പി.എമ്മിന്റെ രണ്ടും സിറ്റിംഗ് സീറ്റുകളില്‍ പരസ്പര മത്സരം ഒഴിവാക്കാനാണ് തീരുമാനം. മറ്റൊരു സീറ്റില്‍ കൂടി പൊതുസ്ഥാനാര്‍ത്ഥി വന്നേക്കും.

ഈ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ വിജയിക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. .

ബി.ജെ.പിയെ ഒന്നിച്ചുനിന്ന് ചെറുത്തുതോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് സിപി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തി. സഖ്യം വേണമെന്ന ബംഗാള്‍ ജില്ലാ ഘടകത്തിന്റെ നിലപാടിനെ പൊളിറ്റ് ബ്യുറോയും നേരത്തെ ശരിവച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയും ഈ നിലപാടിനോട് യോജിക്കുകയാണ്.

എന്നാല്‍ ബംഗാളിലെ ധാരണ ഏകകണ്ഠമല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. തീരുമാനത്തോട് കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു.

ഭീകരതയ്‌ക്കെതിരെ യോജിച്ച പോരാട്ടം വേണം. ഭീകരവിരുദ്ധ പോരാട്ടത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണ്.

റഫാല്‍ കരാര്‍ അംബാനിക്കു നല്‍കിയതുപോലെയാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അതിനിടെ, മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം നര്‍സയ്യ ആലത്തെ മൂന്നുമാസത്തേക്ക് സസ്‌പെന്‍്ഡ് ചെയ്തു. മഹാരാഷ്ട്ര സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ആലം.

CLICK TO FOLLOW UKMALAYALEE.COM