ഫേസ്ബുക്കിലൂടെയുളള മാപ്പ് സ്വീകരിക്കില്ല, ഷെയിൻ നിഗത്തിനോട് അയയാതെ ഫിലിം ചേംബർ – UKMALAYALEE
foto

ഫേസ്ബുക്കിലൂടെയുളള മാപ്പ് സ്വീകരിക്കില്ല, ഷെയിൻ നിഗത്തിനോട് അയയാതെ ഫിലിം ചേംബർ

Friday 13 December 2019 6:13 AM UTC

കൊച്ചി: നിര്‍മാതാക്കള്‍ക്ക് മനോരോഗമമാണോ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഷെയിന്‍ നിഗത്തോട് സിനിമാ സംഘടനകള്‍ അയഞ്ഞിട്ടില്ല. മലയാള സിനിമയില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യയിലെ മറ്റ് സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ വിലക്കി ഒതുക്കാനാണ് നീക്കം.

പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഷെയിന്‍ നിഗം പ്രകോപനപരമായ പ്രസ്താവന നടത്തി എന്നതാണ് അമ്മ അടക്കമുളള സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഷെയിനിന്റെ മാപ്പ് സ്വീകരിക്കില്ല എന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തെന്നിന്ത്യയിലെ നാല് ഭാഷകളിലും നിലവില്‍ ഷെയിന്‍ നിഗത്തിന് വിലക്കുണ്ട്. മറ്റ് ഭാഷകളിലും ഷെയിനെ വിലക്കുന്നതിന് ഫിലിം ചേംബര്‍ കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയത്.

എന്നാല്‍ നിര്‍മ്മാതാക്കള്‍ മനോരോഗികളാണോ എന്ന പരാമര്‍ശം നടത്തിയതില്‍ ഷെയിന്‍ ഖേദം പ്രകടിപ്പിച്ചിട്ടും അച്ചടക്ക നടപടികളില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ല എന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം.

ഫേസ്ബുക്ക് വഴിയാണ് ഷെയിന്‍ നിഗം ഖേദപ്രകടനം നടത്തിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. മാപ്പ് പറഞ്ഞുളള നിലപാട് ഷെയിന്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്.

മറ്റ് ഭാഷകളിലും ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടതില്ല എന്നും ഫിലിം ചേംബര്‍ തീരുമാനിച്ചു.

ഈ മാസം 19ന് നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ചയാകും. നിര്‍മ്മാതാക്കളുടെ സംഘടന എന്ത് നിലപാട് സ്വീകരിക്കും എന്നതിന് അനുസരിച്ചായിരിക്കും അമ്മയുടെ തുടര്‍ നിലപാട്.

ഈ മാസം 22നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. ഈ യോഗത്തിലും പ്രധാന ചര്‍ച്ചാ വിഷയം ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരിക്കും.

അതേസമയം സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഷെയിനോടുളള നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. വിവാദത്തില്‍ ചര്‍ച്ചയാകാം എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സിനിമകള്‍ മുടങ്ങിപ്പോകരുത്. വിദേശത്തുളള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ മടങ്ങി എത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ പ്രശ്‌നത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ ഏറെ പ്രധാനമാണ്. ഷെയിനിന്റെ മാപ്പ് പറച്ചിലിനെ നിര്‍മ്മാതാക്കള്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. നിര്‍മ്മാതാക്കള്‍ക്ക് ഫെഫ്കയും അമ്മയും ഉറപ്പ് കൊടുക്കേണ്ടതുണ്ട്.

ഉടനെ ഒരു ചര്‍ച്ചയ്ക്ക് ഇല്ല എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്. അതുകൊണ്ടാണ് തങ്ങളും ചര്‍ച്ച നടത്തിയിരിക്കുന്നത് എന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ബദല്‍ നീക്കവുമായി സുഭാഷ് വാസു; വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരു മാറ്റാന്‍ നീക്കം ; 140 ല്‍ പത്തോ പതിനാലോ യൂണിയന്‍ തീരുമാനിച്ചാല്‍ വെള്ളത്തിലാകില്ലെന്ന് തുറന്നടിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവും തമ്മിലുള്ള പോര് കടുക്കുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ കൂടി സാമ്പത്തികത്തില്‍ പടുത്തുയര്‍ത്തിയ എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാന്‍ സുഭാഷ് വാസു ശ്രമം തുടങ്ങിയതായിട്ടാണ് ആരോപണം. രൂക്ഷ വിമര്‍ശനവുമായി സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് വെള്ളാപ്പള്ളിയും രംഗത്ത് എത്തിയിട്ടുണ്ട്.

കായംകുളം കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരു മാറ്റി മഹാഗുരു കോളജ് ഓഫ് എന്‍ജിനീയറിങ് എന്നാക്കാനാണ് കോളജ് ഗവേണിങ് ബോഡിയിലെ പ്രബല വിഭാഗത്തിന്റെ ആലോചന.

കോളേജ് മാനേജ്‌മെന്റില്‍ സുഭാഷ് വാസുവുമായി ബന്ധപ്പെട്ടവരാണ് ഭൂരിപക്ഷം. ഇതിന്റെ ഭാഗമായി സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബദല്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൂടി സാമ്പത്തിക സഹായത്തോടെ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആരംഭിച്ചത് 2009 ലാണ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രക്ഷാധികാരിയും വൈസ് പ്രസിഡന്റ് തുഷാര്‍ ഗവേണിങ് ബോഡിയുടെ ചെയര്‍മാനുമാണ്. സുഭാഷ് വാസുവാണ് ജനറല്‍ സെക്രട്ടറി.

മെക്രോ ഫിനാന്‍സ് ക്രമക്കേട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്നു സുഭാഷ് വാസുവിനും എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ നേതൃത്വത്തിനുമെതിരേ വെളളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു.

ഇതോടെയാണ് സ്‌െപെസസ് ബോര്‍ഡ് ചെയര്‍മാനും യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസു എസ്.എന്‍.ഡി.പി. യോഗം നേതൃത്വവുമായി ഇടഞ്ഞത്.

അതേസമയം സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ എസ്.എന്‍.ഡി.പിക്ക് 140 ഓളം യൂണിയനുകളുണ്ട്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ലെന്നു അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ”ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും” വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് ഹൈജാക്ക് ചെയ്ത് െകെക്കലാക്കി. വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്? ഇനി ഒരു മന്ത്രി വേണം അല്ലേയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതുകൊണ്ടാണ് വിജിലന്‍സ് അനേ്വഷണത്തിന് ഉത്തരവിട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ സുഭാഷ് വാസുവിനു നല്‍കി.

അതുകൊണ്ടുതന്നെ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM