ഫാ.കാട്ടുതറയുടെ സംസ്‌കാരത്തിനെത്തിയ കന്യാസ്ത്രീകള്‍ക്കു നേരെ കയ്യേറ്റശ്രമം – UKMALAYALEE

ഫാ.കാട്ടുതറയുടെ സംസ്‌കാരത്തിനെത്തിയ കന്യാസ്ത്രീകള്‍ക്കു നേരെ കയ്യേറ്റശ്രമം

Friday 26 October 2018 2:05 AM UTC

ചേര്‍ത്തല Oct 26 : ഫാ.കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം അച്ഛനെ അനുസ്മരിച്ച് സംസ്‌കരിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ക്കു നേരെ കയ്യേറ്റശ്രമം. ഫ്രാങ്കോ അനുകൂലികളും ഇതേ ഇടവകക്കാരുമായ രണ്ടുപേര്‍ ചേര്‍ന്നാണ് രംഗം വഷളാക്കിയത്.

പള്ളിമുറ്റത്തു നിന്ന് കൂടുതല്‍ പ്രതികരികരണമൊന്നും വേണ്ടെന്നും മടങ്ങിപ്പൊക്കോണമെന്നും പറഞ്ഞുകൊണ്ട് ഫ്രാങ്കോ അനുകൂലികളായ ഒരുപറ്റം ആളുകള്‍ രംഗത്തെത്തുകയായിരുന്നു.

ഇതേ ഇടവക്കാരായ മറ്റ് അച്ഛന്‍മാര്‍ മരിച്ചപ്പോള്‍ വരാത്ത സിസ്റ്റര്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ഞങ്ങളെയും ഇടവകയേയും അപമാനിക്കാനാണോ എന്ന് ആക്രോശിച്ചുകൊണ്ട് സിസ്റ്റര്‍ അനുപമയെ പള്ളിമുറ്റത്തു വച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.

ഒടുവില്‍ ഇടവക വികാരി ഇടപെട്ട് ‘ഇത് സിസ്റ്ററുടെ കൂടി ഇടവകയാണെന്നും അവര്‍ക്ക് പറയാനുള്ളത് പറയാന്‍ അവകാശമുണ്ടെന്നും’ പറഞ്ഞതോടെയാണ് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്.

സംഘര്‍ഷങ്ങള്‍ക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളെ കണ്ടത്.

അച്ഛനും ഞങ്ങളും നിലകൊണ്ടത് സത്യത്തിനു വേണ്ടിയാണെന്നും മരണത്തിലെ ദുരൂഹത സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പളളിയിലെ ശുശ്രൂഷകള്‍ ആരംഭിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.

4 മണിയോടെ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ മൃതദേഹം അടക്കം ചെയ്തു. ഇതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.

CLICK TO FOLLOW UKMALAYALEE.COM