ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലോ? കേന്ദ്രത്തോട് വിശദീകരണം തേടി – UKMALAYALEE

ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലോ? കേന്ദ്രത്തോട് വിശദീകരണം തേടി

Tuesday 17 September 2019 3:09 AM UTC

ന്യുഡല്‍ഹി Sept 17: ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണെന്നും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടമെന്നും ആവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈക്കോ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.

സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരഗാമിയെ ജമ്മു കശ്മീരിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്നും വൈക്കോ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തരിഗാമിക്ക് ജമ്മു കശ്മീരിലേക്ക് തിരിച്ചുപോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനും ജമ്മു കശ്മീരില്‍ പോകാന്‍ കോടതി അനുമതി നല്‍കി.

എന്നാല്‍ രാഷ്ട്രീയ റാലികളോ പ്രസംഗങ്ങളോ മറ്റു പരിപാടികളിലോ പങ്കെടുക്കരുതെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ശ്രീനഗര്‍, ബാരാമുള്ള, അനന്തനാഗ്, ജമ്മു എന്നിവിടങ്ങളില്‍ പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഗുലാം നബിയുടെ ആവശ്യം.

അതിനിടെ, ആവശ്യമെങ്കില്‍ താന്‍ നേരിട്ട് ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസിന്റെ പരാമര്‍ശം.

ഫാറൂബ് അബ്ദുള്ളയ്ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കണമെന്നും വൈക്കോ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി പരിഗണിച്ച കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മറുപടി തേടിയെങ്കിലും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമാക്കാനുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കുന്നതിനെ തുഷാര്‍ മേത്ത എതിര്‍ത്തു.

വൈക്കോ പ്രദേശവാസിയല്ലെന്നും ഹര്‍ജിനല്‍കാന്‍ അവകാശമില്ലെന്നും വാദിച്ചുവെങ്കിലും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.എ ബോദ്‌ബെ, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് നിരസിക്കുകയായിരുന്നു.

ഈ മാസം 30നകം മറുപടി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 15ന് നടന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റം നേതാവുമായിരുന്ന സി.എന്‍ അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ആഘോഷത്തിലേക്ക് ഫാറൂഖ് അബ്ദുള്ളയെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ വീട്ടുതടങ്കലിലായതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വൈക്കോ കോടതിയെ അറിയിച്ചു.

നേരത്തെ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തരിഗാമിയെ കശ്മീരിലെ വീട്ടിലെത്തി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ കോടതി യെച്ചൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ട് ഓഗസ്റ്റ് ആറിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനു പിന്നാലെയാണ് മേഖലയില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നതും പ്രമുഖ നേതാക്കളെല്ലാം വീട്ടുതടങ്കലില്‍ ആയതും.

ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ ആക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം വീട്ടില്‍ കഴിയുന്നതെന്നുമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്.

ജമ്മു കശ്മീരിലെ ആശുപത്രികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്നും കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ജമ്മു കശ്മീരില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനുവദിക്കണമെന്ന ആവശ്യത്തില്‍ കോടതി വിശദമായ വാദം കേട്ടില്ല.

എന്നാല്‍ ദേശീയ സുരക്ഷ മുന്നില്‍ കണ്ടുവേണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കാമെന്ന നിര്‍ദേശവും ചീഫ് ജസ്റ്റീസ് നല്‍കി.

CLICK TO FOLLOW UKMALAYALEE.COM