പൗരത്വ നിയമ ഭേദഗതി : നടപ്പാക്കില്ലെന്ന്‌ 6 സംസ്‌ഥാനങ്ങള്‍ ; നടപ്പാക്കാതെ മാര്‍ഗമില്ല – UKMALAYALEE

പൗരത്വ നിയമ ഭേദഗതി : നടപ്പാക്കില്ലെന്ന്‌ 6 സംസ്‌ഥാനങ്ങള്‍ ; നടപ്പാക്കാതെ മാര്‍ഗമില്ല

Saturday 14 December 2019 5:39 AM UTC

തിരുവനന്തപുരം/ന്യൂഡല്‍ഹി Dec 14 : പാര്‍ലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ പ്രക്ഷോഭം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും തമ്മില്‍ നടന്ന അനൗപചാരിക ചര്‍ച്ചയിലാണു ധാരണ.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷകക്ഷിനേതാക്കളും ഒരുമിച്ച്‌ തിങ്കളാഴ്‌ച തിരുവനന്തപുരം പാളയം രക്‌തസാക്ഷിമണ്ഡപത്തില്‍ സത്യഗ്രഹം നടത്തും. ബില്ലിനെതിരായ മറ്റു കാര്യങ്ങള്‍ സത്യഗ്രഹത്തിനുശേഷം ചര്‍ച്ചചെയ്‌ത്‌ തീരുമാനിക്കാനും ധാരണയായി.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പരസ്യനിലപാടുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളമുള്‍പ്പെടെയുള്ള ആറുസംസ്‌ഥാനങ്ങള്‍ മുന്നോട്ടുവന്ന പിന്നാലെയായിരുന്നു സംസ്‌ഥാനത്തെ സംയുക്‌ത പ്രക്ഷോഭപ്രഖ്യാപനം.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥ്‌, ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറേ എന്നിവരാണ്‌ ബില്‍ തങ്ങളുടെ സംസ്‌ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചത്‌.

ബില്ലില്‍ രാഷ്‌ട്രപതി വ്യാഴാഴ്‌ച വൈകിട്ട്‌ ഒപ്പുവയ്‌ക്കും മുമ്പായിരുന്നു പ്രഖ്യാപനം.

എന്നാല്‍ എതിര്‍പ്പുണ്ടെങ്കിലും ഭരണഘടനപ്രകാരം യൂണിയന്‍ പട്ടികയില്‍ വരുന്ന പൗരത്വനിയമം സംസ്‌ഥാനങ്ങളില്‍ നടപ്പാക്കിയേ പറ്റൂ എന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ നടപ്പാക്കില്ലെന്നു തീരുമാനിക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അധികാരമില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്‌റ്റിനു കീഴിലാണു പൗരത്വ ഭേദഗതി നിയമം വരുന്നത്‌. സംസ്‌ഥാനങ്ങളുടേത്‌ രാഷ്‌ട്രീയനിലപാട്‌ മാത്രമാണ്‌.

തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുക മാത്രമാണ്‌ പോംവഴി. നിയമം നടപ്പാക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ഭരണഘടനയുടെ 256-ാം വകുപ്പ്‌ അനുസരിച്ച്‌ നിയമം നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാകും.

കേന്ദ്രത്തിന്റെയും സംസ്‌ഥാനങ്ങളുടേയും നിയമപരമായ ബാധ്യത വ്യക്‌തമാക്കുന്നതാണ്‌ 256-ാം വകുപ്പ്‌.

പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ തീരുമാനമെടുത്തിട്ടുണ്ട്‌. 19-ന്‌ എല്ലാ ജില്ലകളിലും പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും.

പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ സുപ്രീം കോടതിയില്‍ കക്ഷിചേരുമെന്നും ചെന്നിത്തല അറിയിച്ചിട്ടുണ്ട്‌. ബില്ലിനെതിരേ ഇടതുമുന്നണി ഉള്‍പ്പെടെ എല്ലാ കക്ഷികളുമായും സഹകരിക്കാന്‍ യു.ഡി.എഫ്‌. തയാറാണെന്ന നിര്‍ദേശം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ പത്രസമ്മേളനത്തില്‍ മുന്നോട്ടുവച്ചത്‌.

യു.ഡി.എഫ്‌. നേതാക്കളുമായി സംസാരിച്ച്‌ പിന്തുണ ഉറപ്പാക്കിയശേഷം, പൗരത്വ ബില്ലിനെതിരേ സംസ്‌ഥാന സര്‍ക്കാരുമായി യോജിച്ചു മുന്നോട്ടുപോകാനുള്ള സന്നദ്ധത ചെന്നിത്തല ടെലിഫോണില്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ഈനിര്‍ദേശത്തോട്‌ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി പ്രതികരിച്ചു. തുടര്‍ന്നാണ്‌ ഒന്നിച്ച്‌ സത്യഗ്രഹം നടത്താന്‍ തീരുമാനമായത്‌.

CLICK TO FOLLOW UKMALAYALEE.COM