പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക് – UKMALAYALEE

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക്

Tuesday 17 December 2019 4:56 AM UTC

ന്യൂഡല്‍ഹി Dec 17: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ റദ്ദ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പൗരത്വ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും റദ്ദുചെയ്യുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോകാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

നേരത്തെ ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും യെച്ചൂരി രംഗത്ത് വന്നിരുന്നു.

അനുമതിയില്ലാതെ പോലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത് നിയമവിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ബലം പ്രയോഗിച്ചതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും തെറ്റാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

CLICK TO FOLLOW UKMALAYALEE.COM