പ്രിയനന്ദനനെ മര്‍ദിച്ച്‌, ചാണകവെള്ളം ഒഴിച്ചു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍ – UKMALAYALEE

പ്രിയനന്ദനനെ മര്‍ദിച്ച്‌, ചാണകവെള്ളം ഒഴിച്ചു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

Saturday 26 January 2019 3:01 AM UTC

തൃശൂര്‍ Jan 26: ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന്‌ നേര്‍ക്ക്‌ ആര്‍.എസ്‌.എസ്‌. ആക്രമണം. മര്‍ദിച്ചശേഷം പ്രിയനന്ദനന്റെ ദേഹത്ത്‌ ചാണകവെള്ളവും ഒഴിച്ചു. സംഭവത്തില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്‌റ്റില്‍.<

മര്‍ദനത്തില്‍ ചെവിക്കു പരുക്കേറ്റ പ്രിയനന്ദനന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ശബരിമല വിഷയത്തെത്തുടര്‍ന്ന്‌ അയ്യപ്പനെ അവഹേളിച്ചുകൊണ്ട്‌ പ്രിയനന്ദനന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടുവെന്നാരോപിച്ചാണ്‌ മര്‍ദനം.

ഇന്നലെ രാവിലെ ഒമ്പതോടെ പ്രിയനന്ദനന്റെ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു ആക്രമണം. വീടിനടുത്തുള്ള കടയിലേക്കു പോയ പ്രിയനന്ദനനെ വഴിയില്‍ തടഞ്ഞു മര്‍ദിച്ചശേഷം ചാണകവെള്ളം ഒഴിക്കുകയായിരുന്നു.

അയ്യപ്പ സ്വാമിക്കെതിരെ സംസാരിക്കുമോയെന്നു ചോദിച്ചായിരുന്നു അക്രമമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പേരില്‍ ബി.ജെ.പി. നേതാവ്‌ ബി. ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിയനന്ദനനെതിരേ രംഗത്തുവന്നിരുന്നു.

എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരല്ലെന്നാണ്‌ ഗോപാലകൃഷ്‌ണന്റെ വാദം. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിനെത്തുടര്‍ന്നു പ്രിയനന്ദനന്റെ വീടിന്‌ നേര്‍ക്ക്‌ ആക്രമണമുണ്ടായിരുന്നു.

മാപ്പ്‌ പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ മുന്നറിയിപ്പു നല്‍കുകയും പ്രിയനന്ദനന്റെ വീട്ടിലേക്കു മാര്‍ച്ച്‌ നടത്തുകയും ചെയ്‌തിരുന്നു.

ഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടായതിനെത്തുടര്‍ന്ന്‌ വിവാദകുറിപ്പ്‌ പ്രിയനന്ദനന്‍ ഫെയ്‌സ്‌ബുക്കില്‍നിന്ന്‌ നീക്കിയിരുന്നു. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊടുങ്ങല്ലൂരില്‍ച്ചാണു സരോവര്‍ അറസ്‌റ്റിലായത്‌.

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പുലിജന്മവും, നെയ്‌ത്തുകാരനും അടക്കം ഏഴ്‌ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌ പ്രിയനന്ദനന്‍.

CLICK TO FOLLOW UKMALAYALEE.COM