പ്രിയകവയിത്രി സുഗതകുമാരി ടീച്ചര്‍ ഓര്‍മയായി – UKMALAYALEE

പ്രിയകവയിത്രി സുഗതകുമാരി ടീച്ചര്‍ ഓര്‍മയായി

Wednesday 23 December 2020 11:16 PM UTC

തിരുവനന്തപുരം Dec 23: പ്രകൃതിയുടെയും കവിതയുടെയും ഉപാസകയായിരുന്ന, വെന്തുരുകുന്ന മനസുകള്‍ക്കു തണലായിരുന്ന സുഗതകുമാരി ടീച്ചര്‍(86) ഓര്‍മയായി.

കോവിഡ്‌ ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്നലെ രാവിലെ 10.52-നായിരുന്നു അന്ത്യം. താന്‍ മരിക്കുമ്പോള്‍ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ ഒരു പൂവിറുത്തുപോലും പ്രകൃതിയെ നോവിക്കരുതെന്നു ശഠിച്ച പ്രിയകവയിത്രിയുടെ ഭൗതികദേഹം ഇന്നലെ വൈകിട്ട്‌ നാലിനു ശാന്തികവാടത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.

കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌, പൂര്‍ണ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌ഥാന വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷയുമായിരുന്നു സുഗതകുമാരി.

കഴിഞ്ഞ ഞായറാഴ്‌ച പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനേത്തുടര്‍ന്ന്‌ ആദ്യം സ്വകാര്യാശുപത്രിയിലാണു സുഗതകുമാരിയെ പ്രവേശിപ്പിച്ചത്‌. പരിശോധനയില്‍ കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ തിങ്കളാഴ്‌ച വൈകിട്ട്‌ നാലോടെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യുമോണിയയും ബാധിച്ചിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെ ആരോഗ്യനില വഷളായി. ഹൃദയാഘാതവുമുണ്ടായി; വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ശരീരം മരുന്നുകളോടു പ്രതികരിക്കാതായതോടെ മകളെ വിവരമറിയിച്ചു. ഇന്നലെ രാവിലെ അന്ത്യം സംഭവിച്ചു.

ആറരപ്പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിനും സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുമിടെ നിരാലംബര്‍ക്കിടയിലേക്കു കടന്നുചെന്ന സുഗതകുമാരി പരിസ്‌ഥിതി പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. സൈലന്റ്‌വാലി പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. പരിസ്‌ഥിതി സംരക്ഷണത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച അവര്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകള്‍ക്കു കാവലാളായി. സാമൂഹിക അനീതികള്‍ക്കെതിരേ തൂലിക പടവാളാക്കിയ സുഗതകുമാരിയെ 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പരേതനായ ഡോ. കെ. വേലായുധന്‍ നായരാണു ഭര്‍ത്താവ്‌. മകള്‍ ലക്ഷ്‌മി, മരുമകന്‍: ഹരി (യു.എന്‍). സഹോദരങ്ങള്‍: പരേതരായ പ്രഫ. ഹൃദയകുമാരി, പ്രഫ. സുജാതാകുമാരി.

CLICK TO FOLLOW UKMALAYALEE.COM