പ്രവാസി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ‘വീഡിയോ കോണ്‍ഫറന്‍സിങ്’ വഴി; കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം – UKMALAYALEE

പ്രവാസി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് ‘വീഡിയോ കോണ്‍ഫറന്‍സിങ്’ വഴി; കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം

Wednesday 20 May 2020 2:33 AM UTC

തിരുവനന്തപുരം May 20: ഒരു പ്രവാസി നാട്ടില്‍ മടങ്ങിയെത്തിയാല്‍ വീട്ടില്‍ ഒരുക്കേണ്ട ഐസൊലേഷന്‍ മുന്‍കരുതലുകള്‍ എന്തെന്ന് അവബോധം സൃഷ്ടിക്കുന്ന ഹ്രസ്വചിത്രമാണ് ‘അരികില്‍’. പ്രിയപ്പെട്ടൊരാള്‍ അടുത്താണെങ്കിലും വളരെ അത്യാവശ്യമായ അകലം എന്താണെന്ന് ഈ ഹ്രസ്വചിത്രം പരിചയപ്പെടുത്തുന്നു.

വീഡിയോ സംഗ്രഹം ഇങ്ങനെ.

ഏറെ നാളുകള്‍ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസിയാണ് അഷറഫ്. വീട്ടില്‍ മാതാപിതാക്കളും ഭാര്യയും കുഞ്ഞും അഷ്‌റഫിനായി വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു. പക്ഷേ എന്നത്തെയും പോലെയല്ല ഇത്തവണത്തെ നാട്ടിലേക്കുള്ള മടങ്ങിവരവ്.

അഷറഫ് വീട്ടില്‍ വരുന്നതിനു മുന്‍പുതന്നെ ആരോഗ്യപ്രവര്‍ത്തകന്‍ വീട്ടിലെത്തി വീട്ടുകാരോട് നടത്തേണ്ട തയ്യാറെടുപ്പുകളെ പറ്റി വിശദീകരിച്ച് മടങ്ങുന്നു. ശേഷം അഷ്‌റഫ് എത്തുന്നു.

എന്നാല്‍ വരുന്നതു മുതല്‍ വീട്ടുകാര്‍ അഷ്‌റഫില്‍ നിന്നും അകലം പാലിച്ചുകൊണ്ട് തന്നെ അയാളെ സ്വീകരിക്കുന്നു; തെല്ലും ഭയമോ അമ്പരപ്പോ കൂടാതെ.

തുടര്‍ന്ന് അഷറഫിന് ഇഷ്ടമുള്ള ഭക്ഷണം വീട്ടുകാര്‍ ഒരുക്കി നല്‍കുന്നു. വീട്ടുകാര്‍ക്കൊപ്പം തന്നെയാണ് അഷറഫ് ഭക്ഷണം കഴിക്കുന്നത്. പക്ഷേ അത് അയാള്‍ക്കായി ഒരുക്കിയ മുറിക്കുള്ളില്‍

നിന്നും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണെന്ന് മാത്രം.
അപ്പോഴും പ്രിയപ്പെട്ട വീട്ടുകാര്‍ തീന്‍മേശയില്‍ ഇരുന്നു അഷ്‌റഫിനൊപ്പം സൊറ പറഞ്ഞു ഒപ്പം കൂടുന്നു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ.എം.എ. കൊച്ചി, ഡി.എം.ഒ. എറണാകുളം, എന്‍.എച്ച്.എം. എറണാകുളം എന്നിവ ചേര്‍ന്ന് പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയ ഹ്രസ്വചിത്രമാണ് ‘അരികില്‍’.

സണ്ണി വെയ്ന്‍ ആണ് അഷറഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നടന്‍ മോഹന്‍ലാലാണ് ഫെയ്‌സ്ബുക്ക് പേജ് വഴി പുറത്തിറക്കിയത്. അമൃത് സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ-ഡയറക്ടര്‍ ആരോണ്‍ മാത്യു.

CLICK TO FOLLOW UKMALAYALEE.COM