പ്രവാസിയുടെ ആത്മഹത്യ : ഹൈക്കോടതി കേസെടുത്തു , അഴിക്കണം, ചുവപ്പുനാടക്കുരുക്ക്‌ – UKMALAYALEE

പ്രവാസിയുടെ ആത്മഹത്യ : ഹൈക്കോടതി കേസെടുത്തു , അഴിക്കണം, ചുവപ്പുനാടക്കുരുക്ക്‌

Saturday 22 June 2019 1:23 AM UTC

കൊച്ചി June 22 : കണ്ണൂരിലെ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യചെയ്‌ത കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചു മൂന്നാഴ്‌ചയ്‌ക്കകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വ്യവസായങ്ങള്‍ക്കും മറ്റു സംരംഭങ്ങള്‍ക്കും അനുമതി തേടിയുള്ള അപേക്ഷകളില്‍ നടപടി വൈകിക്കുന്നതു ശരിയല്ല. സംരംഭകരുടെ അപേക്ഷകളില്‍ നടപടിയെടുക്കാതിരിക്കുന്നതു മാപ്പര്‍ഹിക്കുന്ന സമീപനമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മരിച്ചവരെ തിരിച്ചെത്തിക്കാന്‍ സാധിക്കില്ലെങ്കിലും ജനങ്ങള്‍ക്ക്‌ ആത്മവിശ്വാസമുണ്ടാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. വ്യക്‌തികളുടെ അപേക്ഷകള്‍ അധികൃതര്‍ സ്വീകരിക്കുകയോ മടക്കി അയയ്‌ക്കുകയോ ചെയ്യണം.

വ്യവസായങ്ങളെ ബാധിക്കുന്ന തരത്തില്‍ പെരുമാറരുത്‌. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സാജനും മുന്‍സിപ്പാലിറ്റി അധികൃതരുമായി നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളുണ്ടാകണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ നിര്‍ദേശിച്ചു.

കണ്ണൂര്‍ ബക്കളത്ത്‌ നിര്‍മാണം പൂര്‍ത്തിയായ കണ്‍വെന്‍ഷന്‍ സെന്ററിന്‌ ആന്തൂര്‍ നഗരസഭ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ വൈകിയതിനേത്തുടര്‍ന്ന്‌ പാര്‍ത്ഥാ ബില്‍ഡേഴ്‌സ്‌ എം.ഡി. സാജന്‍ പാറയില്‍ ജീവനൊടുക്കിയ കേസിലാണ്‌ കോടതി സ്വമേധയാ കേസെടുത്തത്‌.

സ്‌ഥാപനത്തിനു പ്രവര്‍ത്തനാനുമതി വൈകിയതു നഗരസഭയുടെ കടുംപിടിത്തം മൂലമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
അനുമതി നല്‍കാന്‍ മനഃപൂര്‍വം കാലതാമസം വരുത്തിയെന്നു കരുതാന്‍ ന്യായമുണ്ട്‌.

ഇത്തരം നടപടികള്‍ സംരംഭകര്‍ക്കു തെറ്റായ സന്ദേശമാണു നല്‍കുന്നത്‌. അനാവശ്യ രാഷ്‌ട്രീയ ഇടപടലുകള്‍ സംസ്‌ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വെല്ലുവിളിയാണ്‌.

സംസ്‌ഥാനത്തു വ്യവസായസൗഹൃദാന്തരീക്ഷം നിലനില്‍ക്കണം. സാജന്റെ അപേക്ഷയും അനുബന്ധരേഖകളും ഹാജരാക്കണമെന്നു കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

കണ്ണൂര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, നഗരസഭാ സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണു കോടതി കേസെടുത്തത്‌. സാജന്റെ അപേക്ഷ പരിഗണനയിലിരിക്കേയാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തതെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു.

CLICK TO FOLLOW UKMALAYALEE.COM