പ്രവാസികള്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; മുഖ്യമന്ത്രിയുടെ കത്തിന് കേന്ദ്ര ധനമന്ത്രിയുടെ മറുപടി – UKMALAYALEE

പ്രവാസികള്‍ വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; മുഖ്യമന്ത്രിയുടെ കത്തിന് കേന്ദ്ര ധനമന്ത്രിയുടെ മറുപടി

Monday 3 February 2020 5:25 AM UTC

ന്യുഡല്‍ഹി Jan 3: പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയിലാകുമെന്ന കേന്ദ്രബജറ്റിലെ നിര്‍ദ്ദേശത്തില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രാലയം. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

വിദേശത്ത് നികുതിയില്ല എന്നത് കൊണ്ട് ഇന്ത്യയില്‍ നികുതി ഈടാക്കില്ല. പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തെ ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കണം.

അല്ലാതെ വിദേശത്ത് നിന്ന് നേടുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇത് ഗള്‍ഫിലെ ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്ര ബജറ്റിലെ തീരുമാനം പ്രവാസി വിരുദ്ധവും കേരളത്തില്‍ നിന്ന് പുറത്തുപോയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി, കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ധനമന്ത്രിയുടെ വിശദീകരണം.

CLICK TO FOLLOW UKMALAYALEE.COM