പ്രവാസികള്‍ ഭൂരിഭാഗവും വന്നശേഷം വീണ്ടും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍? വിദഗ്‌ധാഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കുന്നു – UKMALAYALEE

പ്രവാസികള്‍ ഭൂരിഭാഗവും വന്നശേഷം വീണ്ടും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍? വിദഗ്‌ധാഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കുന്നു

Sunday 5 July 2020 5:33 AM UTC

തിരുവനന്തപുരം June 5 : കേരളത്തിലേക്കു വരാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പ്രവാസികളില്‍ 90% പേരും എത്തിക്കഴിഞ്ഞശേഷം വീണ്ടും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിച്ച്‌ സംസ്‌ഥാനസര്‍ക്കാര്‍. വരുന്നവരുടെ നിരീക്ഷണകാലാവധി കഴിയുന്നതുവരെ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു കേന്ദ്രത്തോട്‌ ആവശ്യപ്പെടാനും ആലോചനയുണ്ട്‌.

ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിലാണിത്‌.
സംസ്‌ഥാനത്തു 16 ദിവസമായി കോവിഡ്‌ രോഗികളുടെ എണ്ണം മൂന്നക്കത്തിലാണ്‌. രണ്ടുദിവസമായി 200-ല്‍ അധികം പേര്‍ക്കു കോവിഡ്‌ സ്‌ഥിരീകരിക്കുന്നുണ്ട്‌.

രോഗികളില്‍ 85 ശതമാനവും വിദേശങ്ങളില്‍നിന്നും ഇതരസംസ്‌ഥാനങ്ങളില്‍നിന്നും വരുന്നവരാണ്‌. കഴിഞ്ഞ മേയില്‍ സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ രോഗിപോലും ഇല്ലായിരുന്നു.

പ്രവാസികള്‍ ഉള്‍പ്പെടെ വന്നുതുടങ്ങിയതോടെയാണു രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായത്‌.

കേരളത്തിലേക്കു മടങ്ങാന്‍ 5.4 ലക്ഷം പ്രവാസികളാണു രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. അതില്‍ 1.43 ലക്ഷം പേര്‍ തിരിച്ചെത്തി. മേയ്‌ ഏഴിനുശേഷം ജൂണ്‍ 30 വരെ 870 വിമാനങ്ങളും മൂന്ന്‌ കപ്പലുകളും വിദേശങ്ങളില്‍നിന്നു വന്നു.

600 എണ്ണം ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകളായിരുന്നു. ഏറ്റവും കൂടുതല്‍പ്പേര്‍ വന്നതു യു.എ.ഇയില്‍നിന്നാണ്‌; 446 വിമാനങ്ങളിലായി 73,212 പേര്‍. മടങ്ങിയെത്തിയ 1,43,147 പേരില്‍ 52% (74,849) തൊഴില്‍ നഷ്‌ടപ്പെട്ടവരാണ്‌. വിസാ കാലാവധി കഴിഞ്ഞ 46,257 പേരുമെത്തി.

വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി 750-ലധികം വിമാനങ്ങള്‍ സംസ്‌ഥാനത്തെത്തി. ജൂണ്‍ 25-30 വരെ 111 ചാര്‍ട്ടേഡ്‌ വിമാനങ്ങളും 43 വന്ദേഭാരത്‌ വിമാനങ്ങളുമാണു വിദേശകാര്യമന്ത്രാലയം ചാര്‍ട്ട്‌ ചെയ്‌തത്‌.

വന്ദേഭാരത്‌ ദൗത്യത്തിന്റെ നാലാംഘട്ടം ഈമാസം ആരംഭിച്ചു. ജൂലൈ 1-15 വരെ കേരളത്തിലേക്ക്‌ 94 വിമാനങ്ങളാണു ഷെഡ്യൂള്‍ ചെയ്‌തിട്ടുള്ളത്‌. ബഹ്‌റിന്‍, യു.എ.ഇ, ഒമാന്‍, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണിവ. ഓഗസ്‌റ്റ്‌ 15 വരെയാണു വന്ദേഭാരതിന്റെ നാലാംഘട്ടം.

അതോടെ പ്രവാസികളില്‍ 90 ശതമാനവും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണു സംസ്‌ഥാനസര്‍ക്കാര്‍. അതിനുശേഷം കര്‍ശന നീരീക്ഷണനടപടികള്‍ ആരംഭിക്കും.

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ കൂടിയായാല്‍ കേരളത്തെ കോവിഡ്‌ മുക്‌തമാക്കാമെന്നാണു വിദഗ്‌ധാഭിപ്രായം.

വിവിധതലങ്ങളില്‍ അഭിപ്രായം സ്വരൂപിച്ച്‌, മന്ത്രിസഭയും ചര്‍ച്ചചെയ്‌തശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

CLICK TO FOLLOW UKMALAYALEE.COM