പ്രവാസികള്‍ ഇ- മൈഗ്രേറ്റ്‌ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നുള്ള പ്രചാരണം വ്യാജം – UKMALAYALEE

പ്രവാസികള്‍ ഇ- മൈഗ്രേറ്റ്‌ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നുള്ള പ്രചാരണം വ്യാജം

Monday 30 December 2019 7:40 AM UTC

റിയാദ്‌ Dec 30: ജനുവരി ഒന്നുമുതല്‍ പ്രവാസികള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ്‌ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നുള്ള പ്രചാരണം വ്യാജം.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്‌, ജോര്‍ദാന്‍, ഇറാഖ്‌, ലിബിയ, മലേഷ്യ, ലബനന്‍, ഇന്തോനീഷ്യ , അഫ്‌ഗാനിസ്‌ഥാന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്‌, യെമന്‍ എന്നീ രാജ്യങ്ങളിലേക്കു തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയെന്നു സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിച്ചതിനേത്തുടര്‍ന്നു പ്രവാസികള്‍ ആശങ്കയിലായിരുന്നു.

2019 ജനുവരി ഒന്നിനു ഗള്‍ഫ്‌ രാജ്യങ്ങളടക്കം 18 വിദേശരാജ്യങ്ങളിലെ പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട്‌ വിവരങ്ങള്‍ ഇ-മൈഗ്രേറ്റ്‌ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ 2018 നവംബറില്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഇതനുസരിച്ചു നിരവധിപേര്‍ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. വിവിധ ഭാഗങ്ങളില്‍നിന്നു പ്രതിഷേധമുയര്‍ന്നതിനേത്തുടര്‍ന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയം അതു പിന്‍വലിക്കുകയുമായിരുന്നു.

പിന്നീട്‌ ഇത്തരമൊരു രജിസ്‌ട്രേഷനെക്കുറിച്ച്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഒരു അറിയിപ്പും നല്‍കിയിട്ടില്ല.

പഴയ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചതോടെ നിരവധി ഫോണ്‍ കോളുകള്‍ പത്രം ഓഫീസിലേക്കും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലേക്കും എത്തുന്നുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM