പ്രവാസികളുടെ കോവിഡ് പരിശോധന: നിലപാടില്‍ പിന്നോട്ടില്ല, സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി – UKMALAYALEE
foto

പ്രവാസികളുടെ കോവിഡ് പരിശോധന: നിലപാടില്‍ പിന്നോട്ടില്ല, സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി

Thursday 18 June 2020 4:08 AM UTC

തിരുവനന്തപുരം June 18: പ്രവാസികളുടെ കോവിഡ് പരിശോധനയില്‍ സംസ്ഥാന നിലപാട് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സംസ്ഥാനം നേരത്തെ തന്നെ മുന്നോട്ടുവച്ചതാണെന്നും, വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

വന്ദേഭാരതിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലും വരുന്നവര്‍ക്കും കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികളുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ജാഗ്രതയുടെ ഭാഗമാണ്. ഇക്കാര്യം നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മെയ് 5 ന് നല്‍കിയ കത്തില്‍ തന്നെ ആവശ്യപ്പെട്ടു. വന്ദേ ഭാരത് മിഷന് മുമ്പും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം ഉള്ളവരെയും ഇല്ലാത്തവരേയും ഒരുമ്മിച്ച് ഒരേ വിമാനത്തില്‍ കൊണ്ടുവരരുത്. ഇതേ നിലപാട് മാര്‍ച്ച് 11 ന് കേന്ദ്രസഹമന്ത്രി വി.മുരശീധരനും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രി വിമര്‍ശം ഉയര്‍ത്തി.

വിമാനത്തില്‍ കയറുന്ന എല്ലാവരേയും പരിശോധിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ിപ്പോഴത്തെ നിലപാട് മാറ്റത്തിന്റെ കാരണം അദേഹം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിക്കില്ല എന്ന് സംസ്ഥാനം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ്‌ പരിശോധനാസൗകര്യം ഇല്ലാത്തിടത്ത്‌ എംബസികള്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ഇക്കാര്യം പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ മറുപടി തന്നിട്ടില്ല. യാത്ര ആരംഭിക്കുന്ന രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കോവിഡ്‌ പരിശോധനയ്‌ക്കു കേന്ദ്രസര്‍ക്കാര്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തണം.

സാമ്പത്തികപ്രയാസമുള്ളവര്‍ക്കു സൗജന്യപരിശോധന വേണം. രോഗമുള്ളവരെയും സ്വീകരിക്കുമെന്നാണു സംസ്‌ഥാനത്തിന്റെ നിലപാട്‌. എന്നാല്‍, രോഗികള്‍ ഒന്നിച്ചുവരണം. അവര്‍ക്കു ചികിത്സ നല്‍കും. വരുന്ന യാത്രക്കാര്‍ക്കു പരിശോധന നടത്തണമെന്നാണു കേരളത്തിന്റെ ആവശ്യം.

അത്‌ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നതു ശരിയല്ല. പി.സി.ആര്‍. പരിശോധന നടത്താന്‍ പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. അത്തരം സ്‌ഥലങ്ങളില്‍ ആന്റിബോഡി പരിശോധന നടത്തിയാല്‍ ഫലം വേഗത്തില്‍ ലഭിക്കും.

ട്രൂനാറ്റ്‌ പരിശോധനയ്‌ക്കു ചെലവ്‌ കുറവാണ്‌. യു.എ.ഇ. വിമാനത്താവളത്തിലെ റാപ്പിഡ്‌ പരിശോധന ഫലപ്രദമാണ്‌.
മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും വിമാന കമ്പനികള്‍ ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന്‌ പരിശോധന നടത്തണം.

വിദേശത്തുനിന്നു വരുന്നവരില്‍ 1.5% പേര്‍ കോവിഡ്‌ പോസിറ്റീവാകുന്നുണ്ട്‌. രണ്ടുലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്കു വരാനിടയുണ്ട്‌. അവരില്‍ 2% പോസിറ്റീവായാല്‍ 4,000 പേരാണ്‌. സമ്പര്‍ക്കം മൂലം കൂടുതല്‍പ്പേരിലേക്കു രോഗം വ്യാപിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘കുപ്രചാരണത്തിന്‌ പിന്നില്‍ ഒരു കേന്ദ്രമന്ത്രിയും’

തിരുവനന്തപുരം: കോവിഡ്‌ ബാധിതരെ സംസ്‌ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ്‌ പരിശോധന നടത്തണമെന്നു പറഞ്ഞത്‌ മറ്റു തരത്തില്‍ വ്യഖ്യാനിക്കേണ്ടതില്ല. ഇത്തരം കുപ്രചാരണങ്ങള്‍ക്കു പിന്നില്‍ ഒരു കേന്ദ്രമന്ത്രിയുമുണ്ട്‌. കേന്ദ്രസഹമന്ത്രി വി. മുരളീധരനെ ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രി പറഞ്ഞു.

ഇതേ കേന്ദ്രസഹമന്ത്രി മാര്‍ച്ച്‌ 11-നു പറഞ്ഞകാര്യം ഓര്‍ക്കുന്നതു നല്ലതാണ്‌. രോഗികളും അല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്‌താല്‍ രോഗം പകരാം.

അതതു രാജ്യങ്ങളില്‍ പരിശോധന നടത്തി, രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗികളെ അവിടെത്തന്നെ ചികിത്സിക്കുകയുമാണു പ്രായോഗികമെന്നാണു വി. മുരളീധരന്‍ അന്നു പറഞ്ഞത്‌.

ഇപ്പോള്‍ അതില്‍നിന്നു മാറുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കണം- മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്‌ ബാധിതരില്‍ 52.19% പ്രവാസികളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞദിവസം വരെ റിപ്പോര്‍ട്ട്‌ ചെയ്‌ത 1366 പോസിറ്റീവ്‌ കേസുകളില്‍ 1246 പേര്‍ വിദേശത്തുനിന്നും മറ്റു സംസ്‌ഥാനങ്ങളില്‍നിന്നും വന്നവരാണ്‌. ഇവരില്‍ പ്രവാസികള്‍ 713 പേരാണ്‌. അതായത്‌ ആകെ കേസുകളുടെ 52.19%.

179 വന്ദേഭാരത്‌ വിമാനങ്ങളും 124 ചാര്‍ട്ടേഡ്‌ വിമാനങ്ങളുമാണ്‌ ഇതുവരെ കേരളത്തിലെത്തിയത്‌. 24 വരെ 149 വിമാനം ചാര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വന്ദേഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി 171 വിമാനം വരാനുണ്ട്‌. സ്‌പൈസ്‌ ജെറ്റിന്റെ 100 വിമാനംകൂടി കണക്കിലെടുത്താല്‍ ആകെ 420.

ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ക്ക്‌ അനുമതി നല്‍കിയ ഘട്ടത്തില്‍ കോവിഡ്‌ നെഗറ്റീവായവരെ കൊണ്ടുവരുമെന്നാണു സ്‌പൈസ്‌ ജെറ്റ്‌ കമ്പനി അറിയിച്ചത്‌. ചില സംഘടനകള്‍ അനുമതി തേടിയപ്പോഴും ഈ മാതൃക പിന്തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM