പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കാന്‍ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി – UKMALAYALEE

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കാന്‍ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി

Friday 24 August 2018 1:13 PM UTC

തിരുവനന്തപുരം Aug 24: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ന്ന വീടുകള്‍ സജ്ജമാക്കുന്നതിന് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും.

കുടുംബനാഥയുടെ പേരില്‍ ബാങ്കുവഴിയാകും സാമ്പത്തിക സഹായം നല്‍കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നേരത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

കേടുവന്ന ഗൃഹോപകരണങ്ങള്‍ നന്നാക്കുന്നതിനും കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂര്‍ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തും.

ഇതിന്റെ ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അരിയും പലവ്യഞ്ജനവും അടക്കം അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2,774 ക്യാംപുകളിലായി 2,78,781 പേര്‍ ഇപ്പോഴും കഴിയുന്നു. 60,593 വീടുകളും 3,67,626 കിണറുകളും വൃത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതത്തില്‍ നിന്ന് കരകയറാന്‍ യോജിപ്പും ഒരുമയുമാണ് വേണ്ടത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് പ്രാധാന്യം. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം അനുവദിക്കാനാകില്ല.

തര്‍ക്കങ്ങളിലേക്ക് പോയി രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് തിരിച്ചറിയണം.

തനിക്ക് ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് വലുത്. ഇത് ആര്‍ക്കുമുള്ള മറുപടിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM