പ്രളയത്തിനു പ്രവാസിസഹായം മുഖ്യമന്ത്രിക്ക് കര്‍ശന ഉപാധികളോടെ യാത്രാനുമതി; മന്ത്രിമാര്‍ക്കില്ല – UKMALAYALEE

പ്രളയത്തിനു പ്രവാസിസഹായം മുഖ്യമന്ത്രിക്ക് കര്‍ശന ഉപാധികളോടെ യാത്രാനുമതി; മന്ത്രിമാര്‍ക്കില്ല

Monday 15 October 2018 10:33 AM UTC

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരണാര്‍ത്ഥം മന്ത്രിസംഘത്തെ വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി.

കര്‍ശന ഉപാധികളോടെ, മുഖ്യമന്ത്രി പിണറായി വിജയനു മാത്രം വിദേശസന്ദര്‍ശനാനുമതി. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.

ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും വിദേശ ഫണ്ട് നേരിട്ടു സ്വീകരിക്കരുതെന്നുമുള്ള കര്‍ശനവ്യവസ്ഥകളോടെയാണു മുഖ്യമന്ത്രിക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശയാത്രാനുമതി നല്‍കിയത്.

സംസ്ഥാനത്തിന്റെ വിദേശവായ്പാപരിധി ഉയര്‍ത്താനും കേന്ദ്രം അനുമതി നല്‍കിയില്ല. 17-നാണ് പിണറായിയുടെ ഗള്‍ഫ് പര്യടനം ആരംഭിക്കുന്നത്.

എന്നാല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മന്ത്രിമാരും സന്ദര്‍ശനം നടത്തിയാലേ പ്രയോജനമുള്ളെന്ന നിലപാടിലാണു സി.പി.എം. നേതൃത്വം. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്‍ എന്നിവര്‍ക്കെങ്കിലും യാത്രാനുമതി തരപ്പെടുത്താനാണു നീക്കം. നാളെയോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.

മുഖ്യമന്ത്രിയും മന്ത്രിമാരും ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും തീരുമാനമായിരുന്നു. എന്നാല്‍ മൂക്കുകയറിട്ട്, മുഖ്യമന്ത്രിക്കു മാത്രമാണു കേന്ദ്രം യാത്രാനുമതി നല്‍കിയത്.

മന്ത്രിമാരുടെ യാത്രയ്ക്കു കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്രാനുമതിയും വിസയും ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രളയാനന്തരം, നവകേരളനിര്‍മിതിക്കായി പ്രവാസിമലയാളികളില്‍നിന്ന് 1000 കോടി രൂപയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശിക്കേണ്ട വ്യവസായപ്രമുഖരുടെ പട്ടികയും തയാറാക്കിയിരുന്നു. മൂന്നാഴ്ച മുമ്പാണു സംസ്ഥാനസര്‍ക്കാര്‍ വിദേശയാത്രാനുമതി തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.

സി. രവീന്ദ്രനാഥ്, കെ. രാജു, കെ.കെ. ശൈലജ എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാര്‍ 18-21 വരെ ഖത്തര്‍, കുവൈത്ത്, സിംഗപ്പുര്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, അമേരിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പരിപാടി. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ളത് യു.എ.ഇയിലാണ്.

17-ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിറ്റേന്നു വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം 19-നു ദുബായിലെത്തും. വ്യവസായപ്രമുഖന്‍ എം.എ. യൂസഫലിയാണു മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിക്കുന്നത്.

അതേസമയം, മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥപ്പടയേയും കൊണ്ടുപോകാനുള്ള നീക്കമാണു കേന്ദ്രം അനുമതി നിഷേധിക്കാന്‍ കാരണമെന്നു സൂചനയുണ്ട്.

ഇരുപതോളം ഉദ്യോഗസ്ഥരുടെ യാത്രാച്ചെലവ് ധൂര്‍ത്താണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.

CLICK TO FOLLOW UKMALAYALEE.COM