പ്രളയകാലത്ത് പൊതുഭരണ വകുപ്പില്‍ പുതിയ നിയമവും പുതുക്കിയ ശമ്പളവുമായി സര്‍ക്കാരിന്റെ ധൂര്‍ത്ത് – UKMALAYALEE

പ്രളയകാലത്ത് പൊതുഭരണ വകുപ്പില്‍ പുതിയ നിയമവും പുതുക്കിയ ശമ്പളവുമായി സര്‍ക്കാരിന്റെ ധൂര്‍ത്ത്

Thursday 15 August 2019 1:54 AM UTC

തിരുവനന്തപുരം Aug 15: പ്രകൃതി ക്ഷോഭത്തിലും തുടര്‍ച്ചയായ പ്രളയത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പൊതുഭരണ വകുപ്പില്‍ ധൂര്‍ത്ത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ വേതന വ്യവസ്ഥ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഈ മാസം ആറിന് പുറത്തിറങ്ങി.

സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ ആയി നിയമിതനായ എ . വേലപ്പന്‍ നായര്‍ക്ക് പ്രതിമാസം 1,10,000 രൂപയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നല്‍കുന്നത്.

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് സമാനമായ സേവന വേതന വ്യവസ്ഥയാണിതെന്ന് ഉത്തരവില്‍ പറയുന്നു.

അഡ്വക്കേറ്റ് ജനറലും 140 സര്‍ക്കാര്‍ അഭിഭാഷകരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു നിയമോപദേശകനും നിലവിലിരിക്കേയാണ് ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ നിയമിച്ച സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കാര്‍ വന്‍തുക ഖജനാവില്‍ നിന്ന് ശമ്പളം ഇനത്തില്‍ മാറ്റുന്നത്.

സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കേ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ആളാണ് എ. വേലപ്പന്‍ നായര്‍.
ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ശമ്പളവും പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്.

ഇതു പ്രകാരം സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്ക് വേതനംമായി 76,000 രൂപയും ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബത്ത ഇനത്തില്‍ 1,000 രൂപയും യാത്രാബത്ത ഇനത്തില്‍ 19,000 രൂപയും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമുള്ള ബത്ത ഇനത്തില്‍ 14,000 രൂപയും ലഭിക്കും.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മുന്‍ എം.പി എ. സമ്പത്തിനെ കാബിനറ്റ് പദവിയില്‍ നിയമിച്ചതും കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയില്‍ സി.പി.ഐയിലെ കെ.രാജനെ നിയമിച്ചതും വിവാദമായിരുന്നു.

കാറും ബം ഗ്ലാവും പേഴ്‌സണല്‍ സ്റ്റാഫും അടക്കമാണ് സമ്പത്തിന്റെ നിയമനം. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, ഭരണപരിഷ്‌കരണ കമ്മീഷന്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുപറ്റം ഉപദേശകരും അടക്കമുള്ള ധൂര്‍ത്തുകള്‍ക്കു പിന്നാലെയാണ് പുതിയ നിയമനങ്ങളും.

CLICK TO FOLLOW UKMALAYALEE.COM