പ്രളയകാലം മുതലെടുത്ത് വ്യാപാരികളുടെ പകല്‍ക്കൊള്ള; പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കൂട്ടി – UKMALAYALEE

പ്രളയകാലം മുതലെടുത്ത് വ്യാപാരികളുടെ പകല്‍ക്കൊള്ള; പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കൂട്ടി

Monday 20 August 2018 11:14 PM UTC

കോട്ടയം Aug 21: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ മറവില്‍ വ്യാപാരികളുടെ പകല്‍ക്കൊള്ള. സംസ്ഥാനത്ത് അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതികള്‍ വ്യാപകമാകുന്നു.

പുഴ്ത്തിവയ്പ്പും കരിഞ്ചന്തയും പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം മറികടന്നാണ് വ്യാപാരികളുടെ കൊള്ള.

പച്ചക്കറികള്‍ എത്തിക്കുന്ന വാഹനങ്ങളുടെ വാടക അധികമായി നല്‍കണമെന്ന് പറഞ്ഞാണ് വ്യാപാരികള്‍ അമിത വില ഈടാക്കുന്നത്.

തക്കാളി കിലോയ്ക്ക് 200 രൂപയാണ് വില ഈടാക്കുന്നത്. മാര്‍ക്കറ്റ് വില കിലോ 100 രൂപയുള്ള ഇഞ്ചിക്ക് 200 രൂപയാണ് ചില്ലറ വ്യാപാരികള്‍ ഈടാക്കുന്നത്.

ക്യാരറ്റ് മാര്‍ക്കറ്റ് വില കിലോ 80 രൂപയും ചില്ലറ വ്യാപാരികള്‍ ഈടാക്കുന്നത് 110 രൂപയുമാണ്. ഇങ്ങനെ ഒട്ടുമിക്ക പച്ചക്കറികള്‍ക്കും ഇരട്ടിയോ അതിലധികമോ തുകയാണ് ചില്ലറ വ്യാപാരികള്‍ ഈടാക്കുന്നത്.

പച്ചക്കറികള്‍ക്ക് പുറതെ പഴങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. നാടന്‍ ഏത്തയ്ക്കയ്ക്ക് കിലോ 80 രൂപയാണ് ഈടാക്കുന്നത്. മാതള നാരങ്ങയ്ക്ക് 100 രൂപയും ഈടാക്കുന്നു.

അരി ഉള്‍പ്പെടെ പലവ്യഞ്ജന സാധനങ്ങളുടേയും വില ഉയര്‍ന്നിട്ടുണ്ട്. 41.50 രൂപ വിലയുള്ള സുരേഖ അരിക്ക് ചില വ്യാപാരികള്‍ 49 രൂപയാണ് ഈടാക്കുന്നത്.

39 രൂപയുള്ള പഞ്ചസാര 57 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. പ്രളയത്തിന് മുന്‍പ് വന്ന സ്‌റ്റോക്കില്‍ ഉള്‍പ്പെടുന്ന സാധനങ്ങളാണ് പ്രളയത്തിന്റെ പേരില്‍ വില കൂട്ടി വില്‍ക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM