പ്രളയം: സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന – UKMALAYALEE

പ്രളയം: സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന

Thursday 16 August 2018 1:55 AM UTC

തിരുവനന്തപുരം Aug 16: അതിശക്തമായ മഴ തകര്‍ത്തു പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട്(അതീവ ജാഗ്രത) പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കൂടുതല്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ തീരുമാനമുണ്ടായത്.

പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ, നാവിക, കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷി കവിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു.

എന്നാല്‍ സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന ആവശ്യം തമിള്‌നാട് തള്ളിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇന്ന് മാത്രം എട്ട് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു.

അഷ്ടമുടിക്കായലില്‍ വള്ളംമുങ്ങി കുരീപ്പുറ ലില്ലിഭവനം പീറ്റര്‍ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി.

മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഇന്നും സംസ്ഥാനത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 ഡാമുകളാണ് സംസ്ഥാനത്തുടനീളം തുറന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്ത് 33 ഷട്ടറുകള്‍ ഒന്നിച്ച് തുറക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.

പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്.

ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തി.

142 അടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

മഴ കനത്തതോടെ മാഞ്ഞാലി- അങ്കമാലി പാതയിലുടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു. പറവൂര്‍ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ടവര്‍ ആലുവ വഴി പോകേണ്ടതാണ്.

അതേസമയം ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. 13 സ്പില്‍വേ ഷട്ടറുകളിലൂടെ ജലം ഒഴുക്കിയിട്ടും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.

11500 ഘനയടി വെള്ളം തുറന്നുവിട്ടു തുടങ്ങി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴൊക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചതുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം. 4450 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഒഴുക്കിയിരുന്നത്.

രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത്. പിന്നീട് 18000 ഘനയടിയായി കുറഞ്ഞിരുന്നു. 13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു.

ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കും.

1986ല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി കോടതി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ 2014ല്‍ തമിഴ്‌നാടിന്റെ ആവശ്യപ്രകാരം ഇത് 142 അടിയായി ഉയര്‍ത്താന്‍ കോടതി ഉത്തരവിട്ടു. 152 അടിയാക്കണമെന്നാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ ആവശ്യം.

CLICK TO FOLLOW UKMALAYALEE.COM