പ്രധാനമന്ത്രിയെ അനാദരിച്ചെന്ന്‌ ആരോപണം: യതീഷ്‌ചന്ദ്ര വീണ്ടും വിവാദത്തില്‍ – UKMALAYALEE

പ്രധാനമന്ത്രിയെ അനാദരിച്ചെന്ന്‌ ആരോപണം: യതീഷ്‌ചന്ദ്ര വീണ്ടും വിവാദത്തില്‍

Friday 7 June 2019 3:10 AM UTC

തിരുവനന്തപുരം June 7 : ശബരിമല സംഘര്‍ഷസമയത്തു നിലയ്‌ക്കലില്‍ അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനോടു മോശമായി പെരുമാറിയതിന്‌ അന്വേഷണം നേരിടുന്ന എസ്‌.പി. യതീഷ്‌ചന്ദ്ര വീണ്ടും വിവാദത്തില്‍.കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ തൃശൂര്‍ ജില്ലാ പോലീസ്‌ മേധാവി യതീഷ്‌ചന്ദ്ര അനാദരം കാട്ടിയെന്നാണു പുതിയ ആരോപണം. നാലുമാസം മുമ്പു നടന്ന സംഭവത്തില്‍ സംസ്‌ഥാനസര്‍ക്കാരിനോടു കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള കത്തിന്റെ അടിസ്‌ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു നിര്‍ദേശം നല്‍കി.

പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു മുമ്പ്‌ കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോഴാണു സംഭവം.

യുവമോര്‍ച്ച സമ്മേളനത്തില്‍ പങ്കെടുക്കാനായി മോഡി ഹെലികോപ്‌റ്ററില്‍ കുട്ടനല്ലൂര്‍ ഗവ. കോളജ്‌ മൈതാനത്ത്‌ ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ തൃശൂര്‍ മേയര്‍, ജില്ലാ കലക്‌ടര്‍, തൃശൂര്‍ കമ്മിഷണര്‍ എന്നിവരെത്തിയിരുന്നു.

വനിതകളായ മേയറും കലക്‌ടറും ഉപചാരപൂര്‍വം പ്രധാനമന്ത്രിയെ വരവേറ്റപ്പോള്‍ കമ്മിഷണര്‍ യതീഷ്‌ചന്ദ്ര വേണ്ടത്ര ഗൗനിച്ചില്ലെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസിനും അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനും ലഭിച്ച പരാതി.

തുടര്‍നടപടിക്കായി പരാതി സംസ്‌ഥാനസര്‍ക്കാരിന്‌ അയച്ചിരുന്നു.മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനോടു യതീഷ്‌ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണം പാര്‍ലമെന്റില്‍ വരെ ഉന്നയിക്കപ്പെട്ടിരുന്നു.

ആ സംഭവത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ.

CLICK TO FOLLOW UKMALAYALEE.COM