പ്രധാനമന്ത്രിക്കും കോവിഡ്‌; എന്നിട്ടും ലണ്ടന്‍നഗരം സജീവം, രാത്രി വൈകിയും നിരത്തുകളിലും പാര്‍ക്കിലും കൂട്ടംകൂടി യുവാക്കള്‍ – UKMALAYALEE

പ്രധാനമന്ത്രിക്കും കോവിഡ്‌; എന്നിട്ടും ലണ്ടന്‍നഗരം സജീവം, രാത്രി വൈകിയും നിരത്തുകളിലും പാര്‍ക്കിലും കൂട്ടംകൂടി യുവാക്കള്‍

Monday 30 March 2020 2:15 AM UTC

സജിത്ത്‌ പരമേശ്വരന്‍

പത്തനംതിട്ട  March 30: കോവിഡ്‌ 19 പ്രതിരോധിക്കുന്നതിനായി ഇന്ത്യ ലോക്‌ ഡൗണ്‍ അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇംഗ്ലണ്ട്‌ ഇപ്പോഴും സാമൂഹിക വ്യാപനം തടയാന്‍ കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‌ ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോയിപ്രം സ്വദേശി അനന്ത നാരായണന്‍.
ലണ്ടന്‍ നഗരം ഇപ്പോഴും സജീവമാണ്‌. രാത്രി വളരെ വൈകിയും നിരത്തുകളില്‍ യുവാക്കള്‍ കൂട്ടമായി എത്തുന്നു. പൊതുഗതാഗതം ഏറെ ആശ്രയിക്കുന്ന ലണ്ടന്‍ നിവാസികള്‍ ഇപ്പോഴും ബസുകളിലാണ്‌ യാത്ര.

ട്യൂബ്‌ ട്രെയിന്‍ എന്നറിയപ്പെടുന്ന ലണ്ടന്‍ മെട്രോയില്‍ തിരക്കൊഴിഞ്ഞൊരു സമയമില്ല. പാര്‍ക്കുകളിലും മാളുകളിലും പൊതു സ്‌ഥലങ്ങളിലും കോവിഡ്‌ ഭീതി വകവയ്‌ക്കാതെ ജനം എത്തുന്നു.

ജനങ്ങളില്‍ ഭീതി ഉണര്‍ത്തും എന്ന കാരണത്താലാണ്‌ ഇന്ത്യ സ്വീകരിച്ച ലോക്‌ ഡൗണ്‍ പോലുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നില്‍ക്കുന്നതെന്നും അനന്തനാരായണന്‍ പറയുന്നു.

ഇംഗ്‌ളണ്ടില്‍ മരണം 600 കഴിഞ്ഞു. വ്യാഴാഴ്‌ച വരെയുള്ള മരണ നിരക്ക്‌ 578 ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ച കഴിഞ്ഞാല്‍ ഇത്‌ ഇറ്റലിക്കൊപ്പമാകുമെന്നാണ്‌ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കാരണം ഇറ്റലിയില്‍ കോവിഡ്‌ ബാധിച്ച്‌ രണ്ടാഴ്‌ച കഴിഞ്ഞാണ്‌ ഇംഗ്ലണ്ടില്‍ രോഗം സ്‌ഥിരീകരിച്ചത്‌.

മരണ സംഖ്യ ദിനംപ്രതി ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ ബോധവത്‌കരണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല. കേവലം ഫ്‌ളൂ പോലുള്ള അസുഖമായി മാത്രമാണ്‌ ഇംഗ്ലീഷ്‌ ജനത കോവിഡിനെ കണ്ടത്‌.

സാനിട്ടൈസറുകളും മാസ്‌കുകളും ഉപയോഗിക്കേണ്ട ആവശ്യകത പോലും ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌ ഇവ അത്യാവശ്യമായി നടപ്പാക്കണമെന്ന്‌ ഒരാഴ്‌ച മുമ്പ്‌ ആവശ്യപ്പെട്ടത്‌.

എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും രോഗത്തിന്റെ രൂക്ഷത മനസിലാക്കാത്തതിനാല്‍ സാനിട്ടൈസര്‍, മാസ്‌കുകള്‍ എന്നിവയുടെ ഉപയോഗം വ്യാപകമായിട്ടില്ല.

സംഭവം ഇത്രയും നിസാരമായി ജനം കരുതുമ്പോഴും ഒരാഴ്‌ച മുമ്പ്‌ തന്നെ അവര്‍ അവശ്യവസ്‌തുക്കള്‍ വാങ്ങിക്കൂട്ടി എന്നതാണ്‌ വിചിത്രമായ കാര്യം. ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ഇത്‌.

അതിനാല്‍ മാളുകളിലും മറ്റ്‌ ഷോപ്പിങ്‌ മാര്‍ക്കറ്റുകളിലും അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇപ്പോള്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇത്‌ മലയാളികളെയാണ്‌ ഏറെ വലച്ചിരിക്കുന്നത്‌. ഇംഗ്ലീഷ്‌ ജനത ഏറെ ഉപയോഗിക്കുന്ന ബ്രഡ്‌, ചീസ്‌, പിസ്‌ത, മുട്ട എന്നിവയ്‌ക്കു പോലും ക്ഷാമം നേരിടുകയാണ്‌.

കോവിഡ്‌ സമൂഹ വ്യാപനമായി മാറിയ സാഹചര്യത്തില്‍ 5000 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടം നിര്‍മിച്ചു കൊണ്ടിരിക്കുകയാണിവിടെ. അടുത്ത ആഴ്‌ച ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.

രോഗം വൃദ്ധരില്‍ മാത്രമല്ല യുവാക്കളിലും കുട്ടികളിലും മരണ കാരണമായി മാറിയ സാഹചര്യത്തില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്‌. ആരോഗ്യ രംഗത്ത്‌ ഏറെ വികാസം പ്രാപിച്ച രാജ്യമാണെങ്കിലും നിലവില്‍ 5000 വെന്റിലേറ്ററുകള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌.

ഇത്‌ 50000 ആയി ഉയര്‍ത്തുക എന്നതാണ്‌ ലക്ഷ്യം. കിരീടാവകാശി ചാള്‍സ്‌ രാജകുമാരനും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്കും രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ഇനി കടുത്ത നടപടിയിലേക്ക്‌ പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രോഗം മലയാളികളിലേക്ക്‌ അധികം ബാധിച്ചിട്ടില്ല. മലയാളികള്‍ എല്ലാം സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചുതുടങ്ങി. ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നടപടികളാണ്‌ ഇതിന്‌ പ്രചോദനമായത്‌. ഇംഗ്ലണ്ടിലെ ആരോഗ്യമേഖലയില്‍ മലയാളികളുടെ വന്‍ സാന്നിധ്യമുണ്ട്‌.

സുരക്ഷാ നടപടി വരും ദിവസങ്ങളില്‍ ശക്‌തമാകുമെന്ന്‌ കരുതുന്നുവെന്നും അനന്തനാരായണന്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM