പ്രണയാര്‍ദ്രനിമിഷങ്ങളുമായി ഗ്രീന്‍ട്യൂണ്‍സിന്റെ പുതിയ ഗാനം ‘നസാര’ – UKMALAYALEE

പ്രണയാര്‍ദ്രനിമിഷങ്ങളുമായി ഗ്രീന്‍ട്യൂണ്‍സിന്റെ പുതിയ ഗാനം ‘നസാര’

Monday 31 December 2018 3:13 AM UTC

തിരുവനന്തപുരം Dec 31: ക്രിസ്മസ്-നവവത്സരാഘോഷം സംഗീതസാന്ദ്രവും പ്രണയാര്‍ദ്രവുമാക്കാന്‍ ‘നസാര’യെത്തി. ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സിന്റെ ബാനറില്‍ പുതുമുഖ ഗായകന്‍ പ്രണാം ജോസഫ് ആലപിച്ച ഗാനം പ്രേക്ഷകര്‍ക്കരികിലെത്തി.

മലയാളത്തിലും ഹിന്ദിയിലുമായി ഒരേ സമയം ചിത്രീകരിച്ച ഗാനത്തിന്റെ രണ്ടുപതിപ്പുകളും ഗ്രീന്‍ട്യൂണ്‍സിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.

ഐടി മേഖലയില്‍ ജീവനക്കാരനാണു ഗായകനായ പ്രണാം ജോസഫ്.  ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് സനോജ് പണിക്കറാണ്. ഹിന്ദിയില്‍ ഡോ. നവീന ജെ നരിതൂക്കിലും വരികളൊരുക്കി.

ഗസല്‍ മാതൃകയില്‍ അണിയിച്ചൊരുക്കിയ ഗാനത്തിന് ഈണം പകര്‍ന്നത് നിധീഷ് സിംഫണിയാണ്. ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത് മനോജ് മെഡലോഡന്‍.

ഹ്രസ്വചിത്രങ്ങളിലൂടെയും സംഗീത ആല്‍ബങ്ങളുടെ വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ വേണു ശശിധരന്‍ ലേഖയാണ് ഗാനത്തിനു ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രലക്ഷ്മി, ബബിന്‍ എന്നിവരാണു ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീന്‍ട്യൂണ്‍സിന്റെ മൂന്നാമതു ഗാനമാണ് ‘നസാര’.

ഗ്രീന്‍ട്യൂണ്‍സിനായി ഉണ്ണിമേനോന്‍ ആലപിച്ച ‘ഈണത്തില്‍’, വിധു പ്രതാപ് ആലപിച്ച ‘മഴയിലും ചേലായി’ എന്നീ ഗാനങ്ങള്‍ യൂട്യൂബില്‍ തരംഗമായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM