പോലീസിന്റെ ആപ്പ്‌ ചോര്‍ന്നു , കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ഗൂഗിളില്‍ – UKMALAYALEE

പോലീസിന്റെ ആപ്പ്‌ ചോര്‍ന്നു , കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ഗൂഗിളില്‍

Tuesday 28 April 2020 1:06 AM UTC

കണ്ണൂര്‍ April 28 : കാസര്‍ഗോഡിനു പിന്നാലെ കണ്ണൂരിലും കോവിഡ്‌ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ ചോര്‍ന്നു. കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്‌ തയാറാക്കിയ ആപ്ലിക്കേഷനില്‍നിന്നാണു കണ്ണൂരിലെയും മാഹിയിലെയും രോഗികളുടെ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെ ചോര്‍ന്നത്‌. ഇതേത്തുടര്‍ന്ന്‌ വിവരങ്ങള്‍ ഗൂഗിളില്‍ ലഭ്യമായി.
സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ, ഐ.ജിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ ആപ്പ്‌, പ്ലേ സ്‌റ്റോറില്‍നിന്നു നീക്കി. ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു “കോവിഡ്‌ ട്രാക്ക്‌” എന്ന ആപ്പ്‌ പോലീസ്‌ പരീക്ഷിച്ചത്‌.

എന്നാല്‍, ഔദ്യോഗികാവശ്യങ്ങള്‍ക്കായി അപ്‌ലോഡ്‌ ചെയ്‌ത വിവരങ്ങളുടെ ലിങ്ക്‌ വാട്‌സ്‌ആപ്പിലൂടെ പ്രചരിച്ചു. “കണ്ണൂരിലെ കോവിഡ്‌ 19 രോഗബാധിതരുടെ വിവരങ്ങള്‍” എന്ന തലക്കെട്ടോടെയാണു ഗൂഗിള്‍ ലിങ്ക്‌ പ്രചരിച്ചത്‌.

ലിങ്കില്‍ ക്ലിക്ക്‌ ചെയ്ുമ്പയോള്‍ ഗൂഗിള്‍ മാപ്പില്‍ കണ്ണൂര്‍ ജില്ലയുടെയും മാഹിയുടെയും ഭൂപടം തെളിയും. ഇതില്‍ ഹോട്ട്‌ സ്‌പോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ചുവപ്പ്‌, വയലറ്റ്‌, പച്ച അടയാളങ്ങളിട്ടാണു വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

ചുവപ്പില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ രോഗബാധിതരുടെ വിലാസവും മൊബൈല്‍ നമ്പറുമെല്ലാം സ്‌ക്രീനില്‍ തെളിയും. ഒന്നുകൂടി ക്ലിക്ക്‌ ചെയ്‌താല്‍ രോഗിയുടെ വീട്ടിലേക്കുള്ള വഴിയും വീട്ടില്‍ എത്താനെടുക്കുന്ന സമയവും മനസിലാക്കാം.

വയലറ്റില്‍ ക്ലിക്ക്‌ ചെയ്‌താല്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും പച്ചയില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടേയും വിവരങ്ങള്‍ ലഭിക്കും.

പോലീസ്‌ ഉദ്യോഗസ്‌ഥരുടെ വാട്‌സ്‌ആപ്പുകളിലേക്ക്‌ ജില്ലാ പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ അയച്ച സന്ദേശമാണു ചോര്‍ന്നതെന്നു സൂചനയുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലാണു വിവരങ്ങള്‍ ക്രോഡീകരിച്ച്‌ മാപ്പില്‍ ഉള്‍പ്പെടുത്തിയത്‌.

ഇതു ചോര്‍ന്നതോടെ ലിങ്ക്‌ നിര്‍ജീവമാക്കി. സംഭവത്തെക്കുറിച്ചു ജില്ലാ കലക്‌ടര്‍, ചീഫ്‌ സെക്രട്ടറിക്കു റിപ്പോര്‍ട്ട്‌ നല്‍കി. സുപ്രധാന ആരോഗ്യവിവരങ്ങള്‍ കൈകാര്യം ചെയ്‌തതില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലെടുത്തില്ലെന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്‌.

ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും അന്വേഷണമാരംഭിച്ചു. കണ്ണൂരിലെയും മാഹിയിലെയും കോവിഡ്‌ ബാധിതര്‍, അവരുമായി ബന്ധപ്പെട്ട പ്രഥമ, ദ്വിതീയ പട്ടികയിലുള്ളവര്‍ എന്നിവരുടെ വിശദാംശങ്ങളുള്ള ആപ്പ്‌ കഴിഞ്ഞ 22-നാണ്‌ പ്രവര്‍ത്തനക്ഷമമായത്‌.

രോഗികളുടെ ഫോണിലേക്കു നിരന്തരം വിളിയെത്തിയതോടെയാണു കാസര്‍ഗോട്ടെ വിവരച്ചോര്‍ച്ച വ്യക്‌തമായത്‌. ബംഗളുരുവിലെ ഐ കൊന്റല്‍ സൊല്യൂഷന്‍സ്‌ എന്ന സ്വകാര്യ കമ്പനിയാണു രോഗികളെ വിളിച്ചത്‌.

കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ജില്ലാ പോലീസ്‌ മേധാവി, സ്‌പെഷല്‍ ഡിവൈ.എസ്‌.പി, സ്‌റ്റേറ്റ്‌ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കാണു ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ കൈമാറുന്നത്‌.

കാസര്‍ഗോട്ട്‌ കോവിഡ്‌ രോഗികളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്‌ മെഡിക്കല്‍ ഓഫീസര്‍ പോലീസ്‌ മേധാവിക്കു കത്ത്‌ നല്‍കി.

CLICK TO FOLLOW UKMALAYALEE.COM