പോലീസിനെ പൊളിച്ചടുക്കി ഹൈക്കോടതി , തെളിവ്‌ ശ്രീറാം കൊണ്ടുവരുമെന്ന്‌ കരുതിയോ? – UKMALAYALEE

പോലീസിനെ പൊളിച്ചടുക്കി ഹൈക്കോടതി , തെളിവ്‌ ശ്രീറാം കൊണ്ടുവരുമെന്ന്‌ കരുതിയോ?

Thursday 8 August 2019 5:34 AM UTC

കൊച്ചി Aug 8: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

അന്വേഷണത്തിലെ വീഴ്‌ച അക്കമിട്ടു നിരത്തിയ കോടതി, കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമന്റെ രക്‌തപരിശോധന എന്തുകൊണ്ടു വൈകിയെന്ന്‌ ആരാഞ്ഞു.

മദ്യഗന്ധമുണ്ടെന്നു ഡോക്‌ടര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും രക്‌തസാമ്പിള്‍ പരിശോധിക്കാനുള്ള ഉത്തരവാദിത്വം പോലീസ്‌ കാട്ടിയില്ല.

തെളിവ്‌ നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ടു തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവ്‌ അയാള്‍തന്നെ കൊണ്ടുവരുമെന്നു കരുതിയോയെന്നും കോടതി ചോദിച്ചു.

കവടിയാര്‍ പോലുള്ള അതീവസുരക്ഷാമേഖലയില്‍ പോലീസിനു ക്യാമറയില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം.
എന്നാല്‍, ശ്രീറാമിന്റെ ജാമ്യത്തിനു സ്‌റ്റേ അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കി.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണു മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം അനുവദിച്ചതെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

തെളിവു നശിപ്പിക്കാന്‍ പ്രതി സ്വകാര്യാശുപത്രിയുമായി ചേര്‍ന്ന്‌ ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ ശ്രീറാമിനു ഹൈക്കോടതി നോട്ടീസ്‌ അയച്ചു. നാളെ വീണ്ടും വാദം കേള്‍ക്കും.

CLICK TO FOLLOW UKMALAYALEE.COM