പോലീസിനു കര്‍ശനനിര്‍ദേശം ‘അനുമതിയില്ലാതെ രാത്രി ആരെയും അകത്തിടരുത്‌’ – UKMALAYALEE

പോലീസിനു കര്‍ശനനിര്‍ദേശം ‘അനുമതിയില്ലാതെ രാത്രി ആരെയും അകത്തിടരുത്‌’

Thursday 4 July 2019 11:50 PM UTC

തിരുവനന്തപുരം July 5: പോലീസിന്റെ നിരന്തര വീഴ്‌ചകള്‍ ക്കൊടുവില്‍,  നെടുങ്കണ്ടം കസ്‌റ്റഡി മരണവും ആഭ്യന്തരവകുപ്പിനു നാണക്കേടായതോടെ അറസ്‌റ്റ്‌ നടപടിക്രമങ്ങള്‍ക്കു കര്‍ശനനിയന്ത്രണം.
മേലുദ്യോഗസ്‌ഥരുടെ അനുമതിയില്ലാതെ പ്രതികളെ രാത്രി പോലീസ്‌ സ്‌റ്റേഷനില്‍ സൂക്ഷിക്കരുതെന്നു ഡിവൈ.എസ്‌.പിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ്‌ മേധാവിമാര്‍ നിര്‍ദേശം നല്‍കി.

പ്രതികളെ ചോദ്യം ചെയ്യാന്‍, ഓരോ ജില്ലയിലും സജ്‌ജീകരിച്ച ആധുനിക ചോദ്യംചെയ്യല്‍ മുറി (എം.ഐ.ആര്‍) ഉപയോഗിക്കണമെന്നും എസ്‌.പിമാര്‍ വാക്കാല്‍ നിര്‍ദേശിച്ചു.

എം.ഐ.ആറിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി, ക്യാമറകളുള്‍പ്പെടെ മുറിയിലെ സജ്‌ജീകരണങ്ങള്‍ പരിശോധിക്കണം. ഓരോമാസവും എത്രപേരെ ചോദ്യം ചെയ്‌തെന്ന്‌ അടുത്തമാസം ആദ്യദിവസം ജില്ലാ പോലീസ്‌ മേധാവിയെ അറിയിക്കണം.

പ്രതിയുടെ സാന്നിധ്യം ആവശ്യമുള്ള കേസുകളിലേ അറസ്‌റ്റ്‌ നടത്താവൂ. ഗുരുതര കേസല്ലെങ്കില്‍, വൈകിട്ട്‌ ആറുമുതല്‍ രാവിലെ ആറുവരെ ഒരു പ്രതിയേയും സ്‌റ്റേഷനില്‍ കൊണ്ടുവരാനോ സൂക്ഷിക്കാനോ പാടില്ല.

അഥവാ ആവശ്യമെങ്കില്‍ ജില്ലാ പോലീസ്‌ മേധാവിയുടെ അനുമതി വാങ്ങണം. ഇതു ലംഘിക്കപ്പെട്ടാല്‍ ജില്ലാ പോലീസ്‌ മേധാവിയെ സ്‌പെഷല്‍ ബ്രാഞ്ച്‌ വിവരമറിയിക്കണം.

പ്രതിയെ കസ്‌റ്റഡിയിലെടുത്ത്‌ 24 മണിക്കൂറിനകം നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണം. സ്വമേധയാ എടുക്കുന്ന കേസുകളില്‍ പ്രതികളെ എത്രയും വേഗം ജാമ്യത്തില്‍ വിടണം.

അറസ്‌റ്റ്‌ മുതലുള്ള എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം. ലോക്കപ്പില്‍ കഴിയുന്ന പ്രതിയെ നേരിട്ടോ വീഡിയോ ക്യാമറ മുഖേനയോ നിരീക്ഷിക്കണം.

പൊതുസ്‌ഥലങ്ങളില്‍നിന്നു കസ്‌റ്റഡിയിലെടുക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. വൈദ്യപരിശോധനയ്‌ക്കു ശേഷമേ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കാവൂ.

പ്രതി ഏതെങ്കിലും അസുഖത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ സ്‌റ്റേഷനില്‍ അതിനുള്ള ക്രമീകരണമുണ്ടാകണം. അറസ്‌റ്റ്‌ ചെയ്‌താലുടന്‍ ദേഹപരിശോധന നടത്തണം.

ആത്മഹത്യാ പ്രവണതയുണ്ടെന്നു സംശയമുണ്ടെങ്കില്‍ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിക്കണം.

പട്രോളിങ്‌ നടത്തുന്ന ഉദ്യോഗസ്‌ഥര്‍ സ്‌റ്റേഷനും ലോക്കപ്പും പരിശോധിച്ച്‌, ആരും അന്യായ കസ്‌റ്റഡിയിലില്ലെന്ന്‌ ഉറപ്പുവരുത്തണം. നിരീക്ഷണക്യാമറകളുടെ പ്രവര്‍ത്തനക്ഷമത എസ്‌.എച്ച്‌.ഒമാര്‍ ജില്ലാ പോലീസ്‌ മേധാവിയെ അറിയിക്കണം.

അലഞ്ഞുതിരിയുന്നവരെയും മദ്യപിച്ചു നിരത്തില്‍ കിടക്കുന്നവരെയും മനോരോഗികളെയും പാര്‍പ്പിക്കാനുള്ള ഇടമല്ല പോലീസ്‌ സ്‌റ്റേഷനുകളെന്നും എസ്‌.പിമാര്‍ ഓര്‍മിപ്പിച്ചു.

അറസ്‌റ്റ്‌, കസ്‌റ്റഡി, ചോദ്യംചെയ്യല്‍ എന്നിവയെക്കുറിച്ചു സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍, സബ്‌ ഡിവിഷന്‍ പോലീസ്‌ ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി 10-നു കോട്ടയത്തു ശില്‍പശാല നടത്തും. നര്‍കോട്ടിക്‌ ഡിവൈ.എസ്‌.പിക്കാണു ചുമതല..

CLICK TO FOLLOW UKMALAYALEE.COM