പെരിയ ഇരട്ടക്കൊലക്കേസ്‌ : പഠിപ്പിച്ചുവിട്ട മൊഴികള്‍; എല്ലാമേറ്റ്‌ പീതാംബരന്‍ – UKMALAYALEE

പെരിയ ഇരട്ടക്കൊലക്കേസ്‌ : പഠിപ്പിച്ചുവിട്ട മൊഴികള്‍; എല്ലാമേറ്റ്‌ പീതാംബരന്‍

Thursday 21 February 2019 2:41 AM UTC

കാസര്‍ഗോഡ്‌/കണ്ണൂര്‍ Feb 21 : അറസ്‌റ്റിലായ സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എല്ലാക്കുറ്റവും ഏറ്റതോടെ, പെരിയ ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണം പ്രാദേശികതലത്തില്‍ ഒതുങ്ങുന്നു.

പാര്‍ട്ടിയെ വെള്ളപൂശൂന്ന തരത്തില്‍ മുഖ്യപ്രതി എ. പീതാംബരനും കൂട്ടാളികളും നല്‍കിയ മൊഴികള്‍ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലെന്നു സൂചന.

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയതിനു കാരണം വ്യക്‌തിവൈരാഗ്യം മാത്രമാണെന്നാണു പ്രതികളുടെ മൊഴി. കഞ്ചാവ്‌ ലഹരിയിലാണു കൃത്യം നടത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയതോടെ, കേസിലെ ഉന്നതതല ഗൂഢാലോചനയിലേക്കും കണ്ണൂര്‍ മോഡല്‍ ക്വട്ടേഷനിലേക്കും അന്വേഷണം നീളില്ലെന്ന്‌ ഉറപ്പായി.

അറസ്‌റ്റിലായ പീതാംബരനിലും കസ്‌റ്റഡിയിലുള്ള രണ്ടുപേരിലും മാത്രമായി അന്വേഷണം ഒതുക്കാന്‍ പോലീസിനു നിര്‍ദേശം ലഭിച്ചതായാണു സൂചന. ശരത്തിനെയും കൃപേഷിനെയും ഇരുമ്പുവടികൊണ്ട്‌ തലയ്‌ക്കടിച്ചുവീഴ്‌ത്തി, കൊലപ്പെടുത്തിയതു താനാണെന്നു പീതാംബരന്‍ സമ്മതിച്ചു.

പ്രാദേശികസംഘര്‍ഷത്തില്‍ പരുക്കേറ്റ പീതാംബരന്റെ കൈയിലെ പ്ലാസ്‌റ്റര്‍ നീക്കിയതു കഴിഞ്ഞ 15-നാണ്‌. 17-നാണ്‌ ഇരട്ടക്കൊലപാതകം നടന്നത്‌. അതുകൊണ്ടുതന്നെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തെന്ന പീതാംബരന്റെ മൊഴി കേസ്‌ ദുര്‍ബലമാക്കാനാണെന്നാണു സൂചന.

പൂര്‍വവൈരാഗ്യം മൂലമാണു കഞ്ചാവ്‌ ലഹരിയില്‍, സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ ഇരട്ടക്കൊലപാതകം നടത്തിയതെന്നു സി.പി.എം. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനും കസ്‌റ്റഡിയിലുള്ള രണ്ടു പ്രതികളും മൊഴി നല്‍കി.

പ്രാദേശികസംഘര്‍ഷത്തേത്തുടര്‍ന്ന്‌ ആക്രമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും അതില്‍ നിരാശയുണ്ടായിരുന്നെന്നും പീതാംബരന്റെ മൊഴിയിലുണ്ട്‌. സ്വയം കുറ്റമേറ്റതും കഞ്ചാവ്‌ ലഹരിയിലായിരുന്നെന്ന മൊഴിയും നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണെന്നു സൂചനയുണ്ട്‌.

പീതാംബരനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണനപോലും പാര്‍ട്ടിയില്‍നിന്നു ലഭിച്ചില്ലെന്നു പീതാംബരന്‍ മൊഴിനല്‍കി.

പീതാംബരനു മര്‍ദനമേറ്റ കേസില്‍ ശരത്‌ലാല്‍ റിമാന്‍ഡിലായെങ്കിലും സംഭവത്തില്‍ പങ്കില്ലെന്നു കണ്ട്‌ കൃപേഷിനെ പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. കൃപേഷിനെയും പ്രതിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ പീതാംബരന്‍ ഉന്നയിച്ചെങ്കിലും അനുകൂലനടപടിയുണ്ടായില്ല.

ഇതോടെയാണു സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നാണു മൊഴി. കസ്‌റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണു നല്‍കിയത്‌. വ്യക്‌തിവൈരാഗ്യമെന്ന മൊഴിയില്‍ ഉറച്ച്‌ ചോദ്യംചെയ്യലിനെ നേരിടാന്‍ പ്രതികള്‍ക്കു നിയമോപദേശം ലഭിച്ചതായാണു സൂചന.

ഇതോടെ കേസില്‍, പ്രാദേശികസംഘര്‍ഷത്തിനപ്പുറം പോകാന്‍ കഴിയാതെ പോലീസും പ്രതിസന്ധിയിലായി. പ്രതികളുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്ത്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസിനുമേല്‍ സമ്മര്‍ദമുണ്ട്‌.

കഞ്ചാവ്‌ ലഹരിയടക്കം മുന്‍കൂട്ടി തയാറാക്കിയ തരത്തിലുള്ള മൊഴികള്‍ ആവര്‍ത്തിക്കുകയാണു പ്രതികള്‍. കമ്പിവടികൊണ്ട്‌ അടിച്ചുവീഴ്‌ത്തിയശേഷം, കൊലപാതകം നടത്തിയതു താനാണെന്നാണു പീതാംബരന്റെ മൊഴി. കേസില്‍ പാര്‍ട്ടിക്കോ ക്വട്ടേഷന്‍ സംഘത്തിനോ പങ്കില്ലെന്നു വരുത്തിത്തീര്‍ക്കാനാണിതെന്നാണു സൂചന.

ഉപേക്ഷിച്ച ആയുധങ്ങളടക്കം കൃത്യമായി കാണിച്ചുകൊടുക്കാന്‍ പീതാംബരനു കഴിയുന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. കസ്‌റ്റഡിയിലുള്ള രണ്ടുപേരില്‍ ഒരാള്‍ പെരിയയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌.

സമീപകാലത്തു മാഹിയിലും കണ്ണൂരിലും നടന്ന രാഷ്‌ട്രീയകൊലപാതകങ്ങള്‍ക്കു സമാനമാണു പെരിയ ഇരട്ടക്കൊലപാതകവും. ആക്രമണരീതിയും മുറിവുകളുടെ സ്വഭാവവും ക്വട്ടേഷന്‍ സംഘത്തിന്റെ പങ്ക്‌ വ്യക്‌തമാക്കുന്നു.

എന്നാല്‍, മുഴുവന്‍ ഉത്തരവാദിത്വവും പീതാംബരന്‍ ഏറ്റെടുത്തതോടെ ഇരുട്ടില്‍ത്തപ്പുകയാണ്‌ അന്വേഷണസംഘം.

CLICK TO FOLLOW UKMALAYALEE.COM