പുല്‍വാമ ആക്രമണം സുരക്ഷാ വീഴ്ചയെന്ന് റോ മുന്‍ മേധാവി – UKMALAYALEE

പുല്‍വാമ ആക്രമണം സുരക്ഷാ വീഴ്ചയെന്ന് റോ മുന്‍ മേധാവി

Monday 18 February 2019 2:09 AM UTC

ന്യൂഡല്‍ഹി Feb 18: പുല്‍വാമ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മുന്‍ മേധാവി വിക്രം സൂദ്.

സുരക്ഷാ വീഴ്ചയില്ലാതെ പുല്‍വാമയില്‍ നടന്നത് പോലുള്ള ആക്രമണങ്ങള്‍ സംഭവിക്കില്ലെന്ന് വിക്രം സൂദ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു വിക്രം സൂദ്.

എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ എന്തോ തെറ്റായി സംഭവിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച കൂടാത്തെ ഇത്തരം ആക്രമണങ്ങള്‍ നടക്കില്ല. ഈ ആക്രമണത്തിന് പിന്നില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

ഒരാള്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നു. മറ്റൊരാള്‍ അത് സംയോജിപ്പിച്ചു. ആരോ കാറ് ലഭ്യമാക്കി. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന്റെ നീക്കത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ആരോ നല്‍കിയിട്ടുണ്ടെന്നും വിക്രം സൂദ് പറഞ്ഞു.

സി.ആര്‍.പി.എഫ് വാഹനങ്ങളുടെ യാത്രയെക്കുറിച്ച് തീവ്രവാദികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒന്നിലധികം പേരുടെ ആസൂത്രണം പിന്നിലുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ നിഗമനത്തിലേക്ക് എത്താറായിട്ടില്ലെന്നും വിക്രം സൂദ് പറഞ്ഞു.

പാക്കിസ്ഥാനെതിരെ എന്ത് നടപടി എടുക്കണമെന്ന് ചോദ്യത്തിന് ഇതൊരു ബോക്‌സിംഗ് മത്സരമല്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്നും സൂദ് പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM