പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം – UKMALAYALEE

പുരോഹിതരുടെ പീഡനം: വത്തിക്കാന്‍ സിനഡിന് ഇന്ന് തുടക്കം

Friday 22 February 2019 2:45 AM UTC

കോട്ടയം Feb 23: കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ലൈംഗിക ചൂഷണവും അതു നേരിടുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നതിനുള്ള അസാധാരണ സിനഡിന് ഇന്ന് തുടക്കം.

ഞായറാഴ്ച വരെ ചേരുന്ന സിനഡില്‍ കേരളത്തില്‍ നിന്നുള്ള അഞ്ചു പുരോഹിതരുടെ ലൈംഗിക ചൂഷണം ചര്‍ച്ചയ്ക്ക് വരുമെന്ന് സൂചന.

ഇതിനകം നിയമത്തിന്റെ പിടിയിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ.റോബിന്‍ വടക്കുഞ്ചേരി എന്നിവരാണ് ഇവരില്‍ പ്രധാനികള്‍.

കാനഡ, യു.എസ്.എ എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന മൂന്നു മലയാളി വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സിനഡ് പരിഗണിക്കും. കാനഡയിലെ വൈദികന്റെ ബാലപീഡനത്തിനെതിരെ അവിടുത്തെ കര്‍ദ്ദിനാളിന് ലഭിച്ച പരാതി ഇതിനകം പോലീസിന് കൈമാറിക്കഴിഞ്ഞു.

വിവിധ പൗരസ്ത്യസഭകളിലെ 14 പാര്‍ത്രിയാര്‍ക്കീസുമാര്‍, മേജര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ അടക്കം 190 പ്രതിനിധികളാണ് സിനഡില്‍ പങ്കെടുക്കുന്നത്. 22 പേപ്പര്‍ സന്യാസ സഭാ തലവന്മാര്‍, സന്യാസിനി സഭാ മേലധ്യക്ഷമാര്‍, വത്തിക്കാനിലെ 10 അംഗ തിരുസംഘാധ്യക്ഷന്മാര്‍, എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സില്‍ പെടാത്ത 15 മെത്രാന്മാര്‍, 115 കര്‍ദ്ദിനാള്‍മാര്‍, 13 സ്ത്രീകളടങ്ങിയ പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെയാണ് സിനഡ് അംഗങ്ങളുടെ പട്ടിക.

ഇന്ത്യയില്‍ നിന്നും സി.ബി.സി.ഐ അധ്യക്ഷനും സിനഡിനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്ന നാലംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗവുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിനഡില്‍ പ്രബന്ധവും അവതരിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് കര്‍ദ്ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ബസേലിയോസ് ക്ലിമ്മീസിനുമാണ് സിനഡിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മാര്‍ ജോര്‍ജ് ആലഞ്ചേരി യാത്ര ഒഴിവാക്കി.

പോപ്പിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള അഞ്ച് മലയാളികളും ജന്മംകൊണ്ട് സീറോ മലബാറുകാര്‍ ആയതിനാല്‍ സിനഡില്‍ ഉയരാനിടയുള്ള വിമര്‍ശനം മുന്നില്‍കണ്ടാണ് മാര്‍ ആലഞ്ചേരി യാത്ര ഒഴിവാക്കിയതെന്ന സൂചനയുമുണ്ട്.

ശനിയാഴ്ച വൈകിട്ട് സഭയിലെ വൈദികരുടെ ലൈംഗിക പാപങ്ങള്‍ക്കുള്ള പരിഹാര ബലി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കും. ഞായറാഴ്ച മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാനയോടെ സിനഡ് സമാപിക്കും.

സിനഡ് തീരുമാനങ്ങളിലെ തുടര്‍ നടപടി വരും മാസങ്ങളില്‍ വത്തിക്കാനില്‍ നിന്നുമുണ്ടാകും. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും വരുന്നത്.

അതിനിടെ, സിനഡ് പ്രമാണിച്ച് വത്തിക്കാനിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഹിത പീഡനങ്ങള്‍ക്ക് ഇരയായ 15 പേര്‍ എത്തുന്നുണ്ട്. പുരോഹിതരുടെ പീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘനയായ ഇ.സി.എ (എന്‍ഡിംഗ് ക്ലെര്‍ജി അബ്‌യൂസ് ) ആണ് ഇവരെ വത്തിക്കാനില്‍ എത്തിക്കുന്നത്.

ഇവരില്‍ വൈദികരുടെ പീഡനങ്ങളിലൂടെ ജനിച്ച മക്കളുമുണ്ട്. ഇവരുടെ അവസ്ഥ സിനഡിന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് ഈ നീക്കം.

വൈദികരുടെ മക്കളുമായി പുരോഹിത പീഡനത്തെ കുറിച്ച് അന്വേഷിക്കുന്ന മാള്‍ട്ടയിലെ ആര്‍ച്ച്ബിഷപ്പ് ചാള്‍സ് സികളൂണ ചര്‍ച്ച നടത്തിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിടുന്ന രണ്ട് എഫ്.സി.സി കന്യാസ്ത്രീകള്‍ക്കെതിരായ നീക്കത്തിനു പിന്നില്‍ ഫ്രാങ്കോയുടെ കരങ്ങള്‍ തന്നെയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് എഫ്.സി.സി ജലന്ധര്‍ പ്രൊവിന്‍സ്. ജലന്ധര്‍ ബിഷപ്പ് ഹൗസിലെ അക്കൗണ്ട് സെക്ഷന്റെ അടക്കം സുപ്രധാന ഓഫീസ് ജോലികള്‍ എല്ലാം ഇവരുടെ ചുമതലയിലാണ്.

രൂപതയ്ക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്ന സ്‌കൂളുകളുടെ അടക്കം കണക്കുകള്‍ പരിശോധിക്കുന്നത് ഇവരാണ്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സി. ലിസി വടക്കേലിനെ ബന്ദിയാക്കിയ വിജയവാഡയിലെ എഫ്.സി.സി പ്രൊവിന്‍സുമായി ഫ്രാങ്കോയുടെ വിശ്വസ്തനായ ഒരു വൈദികന് അടുത്ത ബന്ധമുണ്ട്.

ഈ പ്രൊവിന്‍സിലെ ഉയര്‍ന്ന പോസ്റ്റിലുള്ള ഒരു കന്യാസ്ത്രീ ഈ വൈദികന്റെ അടുത്ത ബന്ധുവാണ്. ഇദ്ദേഹം അടുത്തകാലത്ത് പലതവണ വിജയവാഡയില്‍ എത്തിയിരുന്നതായും ജലന്ധറില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്.

എപ്പോഴും ഫ്രാങ്കോയുടെ നിഴല്‍പോലെ നടക്കുന്ന ഈ വൈദികന്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റു ചെയ്യുമ്പോഴും ഒപ്പമുണ്ടായിരുന്നു.

Vatican synod

എഫ്.സി.സി ജലന്ധര്‍, വിജയവാഡ പ്രൊവിന്‍സുകളുടെ മേല്‍ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് സി.ലൂസി കളപ്പുരയ്ക്കും സി.ലിസി വടക്കേലിനുമെതിരായ നടപടിക്കു പിന്നില്‍.

ശമ്പളം നല്‍കിയില്ല, ലൈസന്‍സ് എടുത്തു, കാര്‍ വാങ്ങി തുടങ്ങി തനിക്കെതിരായ ആരോപണങ്ങള്‍ മദര്‍ ജനറാളുമായി കഴിഞ്ഞ വര്‍ഷം തന്നെ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രമാണ് തനിക്കെതിരെ വീണ്ടും ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നൂം സി.ലൂസി കളപ്പുര പ്രതികരിച്ചു.

CLICK TO FOLLOW UKMALAYALEE.COM