പുത്തുമല ഉരുള്‍പൊട്ടലിനു കാരണം മരംമുറിയും മണ്ണിളക്കലും ക്വാറിയും?
Tuesday 13 August 2019 1:56 AM UTC

കല്‍പ്പറ്റ Aug 13: പശ്ചിമഘട്ട മലനിരകളില്‍ അതീവ പ്രാധാന്യമുള്ള മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിനു വഴിതെളിച്ചത് മലമുകളില്‍ നടന്ന വ്യാപകമായ മരംമുറിയും മണ്ണിളക്കിയുള്ള കൃഷിയും കരിങ്കല്‍ ക്വാറിയുമാണെന്നു സൂചന.
ഉരുള്‍പൊട്ടിയതിന്റെ മുകളില്‍ ചെങ്കുത്തായ കുന്നില്‍ 50 ഏക്കറിലധികം ഭൂമി ഇടിഞ്ഞുതാഴ്ന്ന് അപകടകരമായ അവസ്ഥയില്‍ നില്ക്കുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ചത്.
ശക്തമായ മഴ പെയ്താല്‍ മണ്ണിടിഞ്ഞ സ്ഥലം കുത്തിയൊലിച്ച് പാറയും മരങ്ങളും ചേര്‍ന്ന് മറ്റൊരു വന്‍ ഉരുള്‍പൊട്ടലായി രൂപപ്പെടും. ഇങ്ങനെ സംഭവിച്ചാല്‍ പുത്തുമല പ്രദേശം ഉണ്ടാവില്ലെന്നാണു സംഘത്തിന്റെ നിഗമനം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. പുത്തുമല ഉള്‍പ്പെടുന്ന വെള്ളാര്‍മല വില്ലേജ് മുഴുവന്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമായാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പുത്തുമല പച്ചക്കാടിന്റെ മുകളിലുള്ള ചെങ്കുത്തായ കുന്നിലെ നാനൂറോളം ഏക്കര്‍ വരുന്ന പ്ലാന്റേഷനില്‍ 1980 കാലഘട്ടത്തിലാണ് മരംമുറി നടന്നത്. മരങ്ങള്‍ വെട്ടി വിറ്റ് തോട്ടം വെളുപ്പിച്ച് കാപ്പി, ഏലം കൃഷികളാണു ചെയ്തത്.
മരങ്ങള്‍ വെട്ടിമാറ്റിയതോടെ മണ്ണിന് ഭൂമിയിലുള്ള ഉറപ്പ് നഷ്ടമായി. ഈ പ്രദേശത്ത് ഒന്നര മീറ്റര്‍ മാത്രം കനത്തിലാണ് മണ്ണുള്ളത്. ബാക്കി ഭാഗം പാറയാണ്. ഇവിടെ മണ്ണില്‍ വെള്ളമിറങ്ങി പൈപ്പിംഗ് പ്രതിഭാസമാണ് ഉണ്ടായതെന്ന് പി.യു. ദാസ് “മംഗള”ത്തോടു പറഞ്ഞു.
വന്മരങ്ങള് വെട്ടിയെങ്കിലും അതിന്റെ വേരുകള്‍ വര്‍ഷങ്ങളോളം മണ്ണിനെ പാറയുടെ മുകളില്‍ പിടിച്ചുനിറുത്തിയിരിക്കാം. കാലക്രമേണ വേരുകള്‍ നശിക്കുമ്പോള്‍ ഈ വിടവിലൂടെ കുടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങുന്നത് പാറയുടെ മുകളില്‍നിന്ന് മണ്ണൊലിച്ചുപോയി ഉരുള്‍പൊട്ടല്‍ പോലുള്ള പ്രതിഭാസങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് സംഘത്തിന്റെ നിഗമനം.
ഏലം അടക്കമുള്ള കൃഷികള്‍ക്കായി മലമുകളില്‍ മണ്ണിളക്കിയതുമൂലം മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ധിക്കാന്‍ സാധ്യത ഏറെയാണെന്നും പി.യു. ദാസ് പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടായ പച്ചക്കാട് പ്രദേശത്തിന്റെ തുടക്കത്തില്‍ ഒരു വശത്തായാണു ക്വാറി സ്ഥിതി ചെയ്ുന്നയത്. ക്വാറി ശ്രദ്ധയില്‍പ്പെട്ടില്ലെന്നു പി.യു. ദാസ് പറഞ്ഞു.
നിലവില്‍ ഇതു പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിച്ച സമയത്ത് മലനിരകളിലുണ്ടായ പ്രകമ്പനങ്ങളും ദുരന്തത്തിനു കാരണമായെന്നു നാട്ടുകാര്‍ പറയുന്നു.
ക്വാറിക്ക് സമീപത്ത് രണ്ടു വീടുകളിലായി രവീന്ദ്രന്, ലീലാമണി എന്നിവരാണു താമസിച്ചിരുന്നത്. ശക്തമായ മഴയില്‍ ബുധനാഴ്ച രാത്രി ഒരു മണിയോടെ മണ്ണിടിച്ചിലുണ്ടാവുകയും ഇവരുടെ വീട്ടിലേക്കു കല്ല് വീഴുകയും ചെയ്തു.
പരിഭ്രാന്തരായ വീട്ടുകാര്‍ അര്‍ധരാത്രിക്ക് വാര്‍ഡ് അംഗം കെ. ചന്ദ്രന്റെ സഹായത്തോടെ സുരക്ഷിതസ്ഥാനത്തേക്കു നീങ്ങിയ ഉടന്‍ തന്നെ മണ്ണിടിഞ്ഞ് രണ്ടു വീടുകളും പൂര്‍ണമായി തകര്‍ന്നു.
ഇതിനു പിറ്റേ ദിവസം വൈകിട്ടാണ് ഉരുള്‍പൊട്ട ലുണ്ടായത്. ഈ വീടുകള്‍ തകര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്.
CLICK TO FOLLOW UKMALAYALEE.COM