പി.സി. ജോര്‍ജിന്റെ വരവിനു പിന്നില്‍ സി.പി.എമ്മുമായുള്ള രഹസ്യധാരണ?
Thursday 14 March 2019 3:49 AM UTC
പത്തനംതിട്ട March 14: പത്തനംതിട്ട മണ്ഡലത്തില്‍ പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ മാത്രമല്ലെന്നും ഇടതുപക്ഷവുമായുള്ള രഹസ്യധാരണ അതിനു പിന്നിലുണ്ടെന്നും പ്രചാരണം ശക്തമാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അകന്നെങ്കിലും ജോര്‍ജ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി തുടരുന്ന സൗഹൃദമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സിറ്റിങ് എം.പിയായ ആന്റോ ആന്റണിയോടുള്ള ശത്രുത മറ്റൊരു കാരണമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ജോര്‍ജിനുള്ള സ്വാധീനം കോണ്‍ഗ്രസിനും ഒരുപരിധിവരെ ബി.ജെ.പിക്കും പ്രതികൂലമാകുമെന്നിരിക്കെ, ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ അദ്ദേഹം എന്തുകൊണ്ട് തയാറാകുന്നു എന്ന ചോദ്യമുയരുന്നു.
ശബരിമല യുവതീപ്രവേശനത്തിനെതിരേ ശക്തമായി രംഗത്തെത്തിയ ജോര്‍ജ് എന്തുകൊണ്ട് പത്തനംതിട്ടയില്‍ സി.പി.എമ്മിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്ന ചോദ്യത്തിനും ഉത്തരമില്ല.
ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ കുടുംബവുമായി ജോര്‍ജിനുള്ള ബന്ധവും ചില സംശയങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. വീണയുടെ പിതാവ് കുര്യാക്കോസ് കാളിയാങ്കല്‍ കുടുംബാഗമാണ്.
പി.സി. ജോര്‍ജിന്റെ പ്ലാന്തോട്ടത്തില്‍ കുടുംബത്തിന്റെ മൂലകുടുംബമാണു കാളിയാങ്കല്‍. പല വേദിയിലും പി.സി. ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് എറണാകുളത്തുനിന്ന് ആര്.എസ്.എസ്. ഉന്നതര്‍ ജോര്‍ജുമായി ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. സ്ഥാനാര്‍ഥിത്വം ബി.ജെ.പിക്കു ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ പിന്തിരിയണമെന്ന നിര്‍ദേശമാണ് ആര്.എസ്.എസ്. ഉന്നയിച്ചതെന്ന് അറിയുന്നു.
ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ മൈലാടുംപാറയിലുള്ള ക്ഷേത്രത്തിലെത്തിയപ്പോള്‍ ജോര്‍ജിനു വന്‍ സ്വീകരണമാണു ലഭിച്ചത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടായിരുന്നു കാരണം.
ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയിലെ സാമുദായിക നേതാക്കളെ കാണാന്‍ പി.സി. ജോര്‍ജ് എത്തുമെന്നു സൂചനയുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആന്റോ ആന്റണിയല്ലാതെ മറ്റൊരാള്‍ എത്തിയാല്‍ ജോര്‍ജ് മത്സരത്തില്‍നിന്നു പിന്മാറുമെന്നും അറിയുന്നു.
ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടിനു വ്യത്യസ്തമായി സി.പി.എമ്മിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് സ്വന്തം സ്ഥാനാര്‍ഥിത്വം കൊണ്ടു പി.സി. ജോര്‍ജ് ശ്രമിക്കുന്നതെങ്കില്‍ അതു ഭാവിയില്‍ പ്രതികൂലമായി ബാധിക്കുമെന്നു വിലയിരുത്തുന്നവരുമുണ്ട്.
CLICK TO FOLLOW UKMALAYALEE.COM