പി.ബിയില്‍ കേരളഘടകത്തിനു വിമര്‍ശനം , വോട്ടുചോര്‍ച്ച തിരിച്ചറിഞ്ഞില്ല; വിശ്വാസസമൂഹം അകന്നു – UKMALAYALEE

പി.ബിയില്‍ കേരളഘടകത്തിനു വിമര്‍ശനം , വോട്ടുചോര്‍ച്ച തിരിച്ചറിഞ്ഞില്ല; വിശ്വാസസമൂഹം അകന്നു

Tuesday 28 May 2019 3:34 AM UTC

ന്യൂഡല്‍ഹി May 28 : ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയടക്കമുള്ള രാഷ്‌ട്രീയ സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ്‌ ബ്യൂറോയില്‍ കേരളഘടകത്തിനു വിമര്‍ശനം.
വോട്ടുചോര്‍ച്ച തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെന്നും വിശ്വാസസമൂഹം അകന്നുപോയെന്നുമുള്ള വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. എന്നാല്‍ അത്‌ താല്‍ക്കാലികം മാത്രമാണെന്ന ന്യായം കേരളനേതാക്കള്‍ ഉയര്‍ത്തി.

മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോടകന്നുവെന്ന വിലയിരുത്തലും പി.ബി.യിലുണ്ടായി.

ശബരിമലവിഷയം കേരളത്തില്‍ തിരിച്ചടിയുടെ കാരണങ്ങളിലൊന്നാണെന്ന്‌ സി.പി.എം സംസ്‌ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇക്കാര്യം പരസ്യമായി ഇക്കാര്യം സമ്മതിക്കാന്‍ സംസ്‌ഥാനനേതൃത്വം തയ്യാറായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല വിഷയം ഒരുതരത്തിലും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നു തന്നെയാണു പ്രതികരിച്ചതും. എന്നാല്‍ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ പരാജയത്തിന്‌ കാരണമായിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ ഫലപ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കിയിരുന്നു.

മൂന്നുപതിറ്റാണ്ട്‌ കാലം ഭരിച്ച പശ്‌ചിമബംഗാളും ത്രിപുരയും ഇത്തവണ പൂര്‍ണമായും കൈവിടുമെന്ന്‌ സി.പി.എം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നു മാത്രമായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ സഭയിലുണ്ടായിരുന്നു ഒന്‍പത്‌ അംഗങ്ങളെയങ്കിലും ഇത്തവണ വിജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ പ്രസക്‌തി നഷ്‌ടമാകുമെന്നും നേതൃത്വത്തിന്‌ വ്യക്‌തമായിരുന്നു.

എന്നാല്‍ കേരളത്തില്‍നിന്ന്‌ ഒറ്റ അംഗമാണ്‌ വിജയിച്ചത്‌. കോണ്‍ഗ്രസ്‌, മുസ്ലിംലീഗ്‌ പിന്തുണയോടെ ഡി.എം.കെ. മുന്നണിയില്‍ സി.പി.എമ്മിനും സി.പി.എമ്മിനും തമിഴ്‌നാട്ടില്‍നിന്ന്‌ രണ്ട്‌ അംഗങ്ങളെ വീതം വിജയിപ്പിക്കാനും സാധിച്ചു.

2014ലെ തെരഞ്ഞെടുപ്പിന്‌ ശേഷം മറ്റ്‌ സംസ്‌ഥാനങ്ങളിലടക്കം സ്വാധീനം വര്‍ദ്ധിപ്പിച്ച്‌ ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമാകാനുള്ള പദ്ധതികളായിരുന്നു സി.പി.എം പോളിറ്റ്‌ ബ്യൂറോ, പാര്‍ട്ടി കോണ്‍ഗ്രസ്‌ അടക്കമുള്ള പരിപാടികളില്‍ ആസൂത്രണം ചെയ്‌തുപോന്നത്‌.

എന്നാല്‍ മറ്റ്‌ സംസ്‌ഥാനങ്ങളിലേക്ക്‌ കടന്നില്ലെന്ന്‌ മാത്രമല്ല, സ്വാധീനമുണ്ടായിരുന്ന സംസ്‌ഥാനങ്ങളില്‍ കൂടെ തകര്‍ന്നടിഞ്ഞ സാഹചര്യമാണ്‌ സംജാതമായത്‌. അടുത്ത മാസം ആദ്യവാരം കേന്ദ്ര കമ്മിറ്റിയും ചേരും.

CLICK TO FOLLOW UKMALAYALEE.COM