കോട്ടയം March 15: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് ഇടുക്കിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. യു.ഡി.എഫിന്റെ പൊതുസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ജോസഫിന്റെ പേര് നിര്‍ദേശിച്ചേക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യും.
കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്മാന് കൂടിയായ പി.ജെ ജോസഫ് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേരത്തെ മുതല്‍ പ്രകടമാക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടിക്ക് അനുവദിച്ച ഏക സീറ്റായ കോട്ടയത്ത് കെ.എം മാണിയുടെ വിശ്വസ്തനായ തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതോടെ ജോസഫ് പാര്‍ട്ടിയുമായി അകല്‍ച്ച പ്രകടിപ്പിച്ചിരുന്നു.
കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി കോട്ടയം, ഇടുക്കി, പത്തനംതിട്ട സീറ്റുകളെ ദോഷമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജോസഫിന് ഇടുക്കി നല്കി സ്വാന്തനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ തയ്യാറായിരുന്നുവെന്ന റോഷി അഗസ്റ്റിന്റെ പ്രസ്താവനയും ഈ നീക്കുപോക്കിന്റെ സൂചനയാണെന്നു വേണം കരുതാന്‍.
കര്‍ഷക, ക്രിസ്ത്യന്‍ മേഖലയില്‍ പി.ജെ ജോസഫിനുള്ള സ്വാധീനവും ജോയ്സ് ജോര്‍ജിനെ നേരിടാന്‍ ജോസഫിനെ പോലെ ജില്ലയില്‍ നിന്നുതന്നെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തേടേണ്ടതില്ലെന്നതും കോണ്‍ഗ്രസിന് ജോസഫിനെ സ്വീകാര്യനാക്കുന്നു.
CLICK TO FOLLOW UKMALAYALEE.COM