പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം സജീവം; സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും വീട്ടിലെത്തി മടങ്ങി – UKMALAYALEE

പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കം സജീവം; സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും വീട്ടിലെത്തി മടങ്ങി

Wednesday 21 August 2019 6:16 AM UTC

ന്യൂഡല്‍ഹി Aug 21: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി. ചിദംബരത്തെ തേടി സി.ബി.ഐ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി.

എന്നാല്‍ അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് സി.ബി.ഐ സംഘം മടങ്ങി. സി.ബി.ഐയ്ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി. ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും. ഇതിന് മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ 2017 മെയ് 15നാണ് സി.ബി.ഐ കേസെടുക്കുന്നത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴിവിട്ട സഹായം ചെയ്തുകൊടുത്തുവെന്നാണ് കേസ്.

ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ആരോപണം. ഇടപാടിന് ഇടനിലക്കാരനായി നിന്നുവെന്ന് ആരോപിച്ച് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സി.ബി.ഐ എഫ്.ഐ.ആര്‍ പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും സ്ഥാപനമാണ് ഐ.എന്‍.എക്‌സ് മീഡിയ.

കേസില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് ചിദംബരത്തിന് കുരുക്കായ വെളിപ്പെടുത്തല്‍ സി.ബി.ഐയ്ക്ക് ലഭിച്ചത്.

CLICK TO FOLLOW UKMALAYALEE.COM