പിണറായി വിരുദ്ധര്‍ ഒരു കുടക്കീഴിലേയ്ക്ക് – UKMALAYALEE

പിണറായി വിരുദ്ധര്‍ ഒരു കുടക്കീഴിലേയ്ക്ക്

Monday 10 June 2019 1:22 AM UTC

കൊച്ചി June 10 : സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ സ്വാധീനം ഉറപ്പിക്കാന്‍ പാര്‍ട്ടിയിലെ തെക്കന്‍ വിഭാഗം നടത്തുന്ന നീക്കങ്ങളുടെ തുടക്കമായി ശാസ്‌ത്ര സാഹിത്യ പരിഷത്തിലെ ഒരു വിഭാഗം നേതാക്കളെ സ്വാധീന വലയത്തിലാക്കാന്‍ ശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി എറണാകുളത്തിനു തെക്കോട്ടുള്ള ജില്ലകളില്‍ പാര്‍ട്ടി പോഷക സംഘടനകളില്‍ പലതിന്റെയും ഉദ്‌ഘാടന ചടങ്ങുകള്‍ക്കും മറ്റും പരിഷത്ത്‌ നേതാക്കളെ പങ്കെടുപ്പിച്ചുതുടങ്ങി.

രണ്ടു വര്‍ഷത്തിനപ്പുറം സി.പി.എം. ഭരണകാലാവധി തീരുന്ന സമയത്താണ്‌ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പുകളും ആരംഭിക്കുക. ഇക്കാലയളവില്‍ നിര്‍ണായക സ്വാധീന ശക്‌തിയായി വളരുകയാണ്‌ ലക്ഷ്യം.

ഓരോ കാലത്തും ശക്‌തിയാര്‍ജിച്ചിട്ടുള്ള ലോബികളാണ്‌ അതാത്‌ കാലത്ത്‌ പാര്‍ട്ടി സെക്രേട്ടറിയറ്റ്‌ കൈയടക്കുന്നതെന്ന യാഥാര്‍ഥ്യം മുന്നില്‍ കണ്ടാണ്‌ തോമസ്‌ ഐസക്‌-എം.എ. ബേബി കൂട്ടുകെട്ടില്‍ തെക്കന്‍ സംഘം നീക്കങ്ങള്‍ നടത്തുന്നത്‌.

ഇതിനു മുന്നോടിയായി പത്തനംതിട്ടയില്‍ സമാപിച്ച ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്‌ഥാന സമ്മേളനത്തിനുശേഷം ഉണ്ടാക്കിയ രഹസ്യധാരണ ഐസക്‌ കൂട്ടുകെട്ടിനെ പിന്തുണയ്‌ക്കുകയാണ്‌.

പല സ്‌ഥലങ്ങളിലും സി.ഐ.ടി.യു, ജനാധിപത്യ മഹിളാ അസോസിയേഷന്‍, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ വേദികളില്‍ പരിഷത്ത്‌ പ്രതിനിധികള്‍ ഉദ്‌ഘാടകരായിപ്പോലും എത്തിത്തുടങ്ങി.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണു ഈ വേദി പങ്കിടല്‍. പരിഷത്തിന്റെ പഴയകാല നേതാവായ തോമസ്‌ ഐസകിനു നേതാക്കളെ കൂട്ടിയിണക്കാന്‍ പ്രയാസമില്ല.

തൃശൂരില്‍ ഈ മാസം നടക്കാന്‍ പോകുന്ന ഇ.എം.എസ്‌. സ്‌മൃതിസംവാദം ഇവരുടെ ഐക്യവേദിയായി മാറുമെന്നാണു സൂചന.

സീതാറാം യെച്ചൂരിയും പ്രഫ. പ്രഭാത്‌ പട്‌നായികും സുനില്‍ പി. ഇളയിടവും മറ്റും പങ്കെടുക്കുന്ന സ്‌മൃതിസംവാദത്തില്‍ മുഖ്യപ്രഭാഷകനായി എം.എ. ബേബിയും എത്തുന്നുണ്ട്‌.

ശാസ്‌ത്ര സാഹിത്യപരിഷത്തിലെ പിണറായി വിരുദ്ധരാണ്‌ സി.പി.എം. പോഷക സംഘടനാ വേദികളിലെത്തുന്നത്‌.

പാര്‍ട്ടിയില്‍ ഇ.കെ. നായനാരുടെ കാലത്തു സി.ഐ.ടി.യു. ലോബിയും പിന്നീട്‌ വി.എസിനെയും മറ്റും നീക്കി പിണറായി വിഭാഗവും ഔദ്യോഗികപക്ഷമായി മാറിയ അതേ സാഹചര്യം സൃഷ്‌ടിക്കാമെന്നാണ്‌ മലബാര്‍ ലോബിക്കെതിരേ നീങ്ങുന്നവരുടെ കണക്കുകൂട്ടല്‍.

CLICK TO FOLLOW UKMALAYALEE.COM