പിണറായി വിജയനെ തിരുത്താന്‍ സി.പി.എമ്മില്‍ സംയുക്‌തനീക്കം – UKMALAYALEE

പിണറായി വിജയനെ തിരുത്താന്‍ സി.പി.എമ്മില്‍ സംയുക്‌തനീക്കം

Tuesday 28 May 2019 3:42 AM UTC

തിരുവനന്തപുരം May 28: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ തിരുത്തല്‍വാദ ഗ്രൂപ്പ്‌ രൂപപ്പെടുന്നു. പഴയ വി.എസ്‌. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും ചേര്‍ന്നാണു പുതിയ നീക്കത്തിനു കളമൊരുക്കുന്നത്‌.

31-നു നടക്കുന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യമാണു പരാജയത്തിനു പ്രധാന കാരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്‌.

അതു ചോദ്യംചെയ്യാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്ന അവസ്‌ഥ മാറ്റുകയെന്ന ലക്ഷ്യമാണു പുതിയ നീക്കത്തിനു പിന്നില്‍. തെരഞ്ഞെടുപ്പു തോല്‍വിയില്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോ, സംസ്‌ഥാന ഘടകത്തിനെതിരേ പരോക്ഷമായി പ്രതികരിച്ചതോടെയാണു തിരുത്തല്‍വാദ സംഘം സജീവമാകുന്നത്‌.

മുമ്പു പിണറായിപക്ഷത്തിനെതിരേ ശക്‌തമായ നിലപാടെടുത്ത വി.എസ്‌. അനുകൂലികളെ വെട്ടിനിരത്തുകയാണുണ്ടായത്‌. എതിര്‍ശബ്‌ദം ഇല്ലാതായതോടെ സ്വാഭാവികമായും വിഭാഗീയത ഇല്ലാതായി.

അന്നുമുതല്‍ ചാരംമൂടിക്കിടന്ന കനലാണ്‌ അവസരം തിരിച്ചറിഞ്ഞ്‌ എരിഞ്ഞുതുടങ്ങുന്നത്‌. ബ്രാഞ്ച്‌ തലം മുതല്‍ ചലനമുണ്ടാക്കാനുള്ള നീക്കത്തില്‍ സമാന നിലപാടുള്ളവരെ ഏകോപിപ്പിക്കും. മയങ്ങിക്കിടക്കുന്ന വി.എസ്‌. അനുകൂല സ്ലീപ്പര്‍ സെല്ലുകളെ ഉണര്‍ത്താനുള്ള ശ്രമവും ആരംഭിച്ചു.

കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ വി.എസ്‌. അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തിയതു വിഭാഗീയത ആളിക്കത്തിച്ചു. മന്ത്രി തോമസ്‌ ഐസക്‌് ഉള്‍പ്പെടെയുള്ളവര്‍ അന്നു കേന്ദ്രകമ്മിറ്റിയില്‍ പിണറായിക്കും മറ്റുമെതിരേ നടത്തിയ പ്രസംഗം വിവാദമായി. പിന്നീടായിരുന്നു വെട്ടിനിരത്തല്‍.

പിണറായിക്കെതിരേ സംസാരിക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കുന്ന അവസ്‌ഥ തിരുത്താനാണു നീക്കം നടക്കുന്നത്‌. പാര്‍ട്ടിക്കുള്ളിലെ സമാനമനസ്‌കര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്‌. പല ജില്ലകളിലും രഹസ്യമായി യോഗങ്ങള്‍ നടക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM