പിണറായിയുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു: വിമര്‍ശനവുമായി സിപിഐ – UKMALAYALEE

പിണറായിയുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു: വിമര്‍ശനവുമായി സിപിഐ

Friday 7 June 2019 3:05 AM UTC

തിരുവനന്തപുരം June 7: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യ ശൈലിയെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ. പിണറായിയുടെ ശൈലി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് സിപിഐ എക്‌സിക്യൂട്ടിവിലാണ് വിമര്‍ശനമുയര്‍ന്നത്.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ശൈലി തടസ്സമായെന്നും എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകള്‍ വോട്ടുചോര്‍ത്തിയെന്നും സിപിഐ ആരോപണം ഉയര്‍ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ പരാമര്‍ശം ഉയര്‍ന്നത്.

ശബരിമല വിഷയത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരാണ്. ന്യൂനപക്ഷ ഏകീകരണവും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി.

മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ അഭയം തേടിയെന്നും വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നുമാണ് സിപിഐ വിലയിരുത്തല്‍.

എന്നാല്‍ ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാനല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു.

സര്‍ക്കാരിനെതിരെ സാമുദായിക ശക്തികള്‍ വിശ്വാസികളെ തെരുവിലിറക്കിയെന്നും ഇത് കോണ്‍ഗ്രസും ബിജെപിയും മുതലാക്കിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM