പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് എഴുന്നെള്ളിപ്പിനിറക്കി – UKMALAYALEE

പിടിയാനയ്ക്ക് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് എഴുന്നെള്ളിപ്പിനിറക്കി

Wednesday 22 May 2019 4:56 AM UTC

പാലക്കാട് May 22: ജയറാം നായകനായ പട്ടാഭിഷേകം എന്ന ചിത്രത്തിലെ സീനുകളെ അനുസ്മരിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട് തൂതപ്പൂരത്തില്‍ നടന്നത്. സിനിമയില്‍ ജയറാമിന്റെ പിടിയാനയെ നടയ്ക്കിരുത്താന്‍ നീളന്‍ കൊമ്പുകളൊക്കെ ഒട്ടിച്ച് ഗംഭീരമായി ഒരുക്കിക്കൊണ്ടു വരുന്ന രംഗമാണുള്ളത്. ഇത് തന്നെയാണ് പാലക്കാട്ടെ തൂതപ്പൂരത്തിലും നടന്നത്.

ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിച്ചത്. ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ കേശവനാക്കാന്‍ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

തൂതപ്പൂരത്തിന്റെ ഒരു പൂരകമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്.

എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും കാഴ്ചക്കാര്‍ കണ്ടുപിടിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു.

തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല. ഇങ്ങനെയുള്ള ആനമാറാട്ടം സിനിമയില്‍ നടക്കും, ഇവിടെ നടക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

പ്രശ്‌നം ഗുരുതരമായതോടെ ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM