പിടികൊടുക്കാതെ കൊല്ലത്തെ കരടി – UKMALAYALEE

പിടികൊടുക്കാതെ കൊല്ലത്തെ കരടി

Monday 14 September 2020 9:46 PM UTC

പാരിപ്പള്ളി Sept 14: ദിവസങ്ങളായി പാരിപ്പളളി അടക്കമുളള കൊല്ലം ജില്ലക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് ഒരു കരടി. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും ഫയര്‍ഫോഴ്‌സും അടക്കമുളളവര്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായിട്ടില്ല. ചാത്തന്നൂരിലും കടയ്ക്കലും അരിപ്പയിലും കരടിയെ കണ്ടതായി വിവരമുണ്ട്. ഇത് ഒരേ കരടിയാണ് എന്നാണ് വനംവകുപ്പ് കരുതുന്നത്.
ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, ഇളമ്പ്രക്കോട്, പളളിക്കല്‍, വേളമാന്നൂര്‍, മീനമ്പലം അടക്കമുളള പ്രദേശങ്ങളില്‍ കരടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കരടിയെ വീഴ്ത്താന്‍ കൂടുകള്‍ സ്ഥാപിച്ചിട്ടും രക്ഷയില്ല. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്ത് കരടി ഇറങ്ങിയതായുളള വിവരങ്ങള്‍ പുറത്ത് വന്നത്. അരിപ്പയില്‍ ആയിരുന്നു ആദ്യത്തെ സാന്നിധ്യം. അരിപ്പ സ്വദേശിയുടെ വളപ്പില്‍ സ്ഥാപിച്ച തേന്‍ കൂടുകള്‍ നശിപ്പിക്കപ്പെട്ടതോടെയാണ് കരടിയുടെ സാന്നിധ്യം സംശയിച്ചത്.

രണ്ട് ദിവസം ഈ പ്രദേശത്ത് നാട്ടുകാര്‍ കരടിയെ കണ്ടു. തുടര്‍ന്ന് വനംവകുപ്പ് രംഗത്ത് ഇറങ്ങി. കരടിയെ ഓടിച്ച് വനപ്രദേശത്തേക്ക് വിട്ടു. എന്നാല്‍ പിന്നീടുളള ദിവസങ്ങളില്‍ മറ്റ് സ്ഥലങ്ങളില്‍ കരടിയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. തുടര്‍ന്ന് കൂട് സ്ഥാപിച്ചെങ്കിലും കരടി പിടി തന്നില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ചാത്തന്നൂരിലും കരടിയെ കണ്ടു. അവിടെയും കരടിയെ തൊടാന്‍ വനംവകുപ്പിന് സാധിച്ചില്ല.

കരടി കാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു. എന്നാല്‍ അത് ശരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് പട്രോളിംഗ് തുടരാന്‍ ആണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് റോഡുകളും മറ്റും വിജനമായ സാഹചര്യത്തില്‍ ആയിരിക്കാം കരടി നാട്ടിലേക്ക് ഇറങ്ങിയത് എന്നാണ് വനംവകുപ്പ് കരുതുന്നത്.

CLICK TO FOLLOW UKMALAYALEE.COM