പാലാ ഉപതെരഞ്ഞെടുപ്പ്‌ സെപ്‌റ്റംബര്‍ 23- ന്‌ – UKMALAYALEE

പാലാ ഉപതെരഞ്ഞെടുപ്പ്‌ സെപ്‌റ്റംബര്‍ 23- ന്‌

Tuesday 27 August 2019 5:38 AM UTC

തിരുവനന്തപുരം Aug 27 : കെ.എം. മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ സെപ്‌റ്റംബര്‍ 23 ന്‌ ഉപതെരഞ്ഞെടുപ്പ്‌. 27ന്‌ വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം പ്രസിദ്ധീകരിക്കുന്ന 28 മുതല്‍ സെപ്‌റ്റംബര്‍ നാലു വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. അഞ്ചിനു സൂക്ഷ്‌മപരിശോധന. ഏഴുവരെ പത്രിക പിന്‍വലിക്കാം.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാലു സംസ്‌ഥാനങ്ങളിലായി നാലു മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

ഛത്തീസ്‌ഗഡിലെ ദന്തേവാഡ, ത്രിപുരയിലെ ബാദര്‍ഘട്ട്‌, ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ എന്നിവയാണു മറ്റു മണ്ഡലങ്ങള്‍.

മഞ്ചേശ്വരം, കോന്നി, അടൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ്‌ മണ്ഡലങ്ങലിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ നവംബറില്‍ മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടക്കാനാണു സാധ്യത.

സംസ്‌ഥാനത്ത്‌ ഒഴിവുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലും ഒരുമിച്ച്‌ ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു മൂന്നു മുന്നണികളും. ഇതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പ്രഖ്യാപനം.

പി.ബി. അബ്‌ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ ഒഴിവുവന്ന മഞ്ചേശ്വരത്തും എം.എല്‍.എമാര്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട എറണാകുളം, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ്‌ മണ്ഡലങ്ങളിലുമാണു പാലായ്‌ക്കു പുറമേ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുള്ളത്‌.

54 വര്‍ഷം കെ.എം.മാണി പ്രതിനിധീകരിച്ച പാലാ നിയമസഭാ മണ്ഡലത്തിനു നാലു മാസത്തിലേറെയായി ജനപ്രതിനിധിയില്ല.
2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്‌ ജയിച്ച പി.ബി. അബ്‌ദുള്‍ റസാഖ്‌ കഴിഞ്ഞ ഒക്‌ടോബറിലാണ്‌ അന്തരിച്ചത്‌.

എതിര്‍സ്‌ഥാനാര്‍ഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ്‌ ഹര്‍ജി നിലനിന്നിരുന്നതിനാലാണ്‌ അവിടെ ഉപതെരഞ്ഞെടുപ്പ്‌ നീണ്ടത്‌. കഴിഞ്ഞ ജൂലൈയില്‍ കെ. സുരേന്ദ്രന്‍ കേസ്‌ പിന്‍വലിച്ചു.

CLICK TO FOLLOW UKMALAYALEE.COM